News - 2025
ഇറാഖില്‍ ബന്ധികളാക്കിയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി
സ്വന്തം ലേഖകന്‍ 28-03-2020 - Saturday
പാരീസ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി. ഫ്രാൻസ് ആസ്ഥാനമായുള്ള 'ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്' (എസ്‌ഓഎസ് ക്രെറ്റ്യന്‍സ് ഡി'ഓറിയന്‍റ്) സംഘടനയിലെ മൂന്നോളം അംഗങ്ങളും ഒരു ഇറാഖി പൌരനും അടക്കം നാലു പേര്‍ മോചിതരായ വിവരം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്നു തങ്ങളുടെ സൈന്യത്തെ ഇറാഖില്‍ നിന്നു പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് ബന്ധികള്‍ മോചിതരായതെന്ന് ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ജനുവരി 20നാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിന്ന സന്നദ്ധ പ്രവര്‍ത്തകരെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 2014ൽ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങൾക്ക് ഇരയായ ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു സംഘടന. കുർദിഷ് തലസ്ഥാനമായ ഇർബിൽ പട്ടണത്തിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടന സജീവമായിരുന്നു.
വിസ പുതുക്കാനും, മറ്റ് രജിസ്ട്രേഷൻ നടപടികൾക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങൾ ബാഗ്ദാദിലെത്തിയത്. ഇവിടെ നിന്നു കാണാതാകുകയായിരിന്നു. മോചനത്തിനായി പ്രയത്നിച്ച ഇറാഖി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടു പോയത് തീവ്രവാദികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിറിയ, ഈജിപ്ത്, ലെബനോൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടനയുടെ സാന്നിധ്യമുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക