News - 2025
ദുഃഖവെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന: ലോകമെമ്പാടുമുള്ള വൈദികര്‍ക്ക് നിര്‍ദ്ദേശവുമായി വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 02-04-2020 - Thursday
വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി ഈ വര്‍ഷത്തെ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്കിടെ പ്രത്യേക നിയോഗവുമായി പ്രാര്‍ത്ഥന ചൊല്ലണമെന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വൈദികരോട് ആഹ്വാനം ചെയ്തു. ആരാധന തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും, സെക്രട്ടറി ആര്‍തര്‍ റോച്ചേ മെത്രാപ്പോലീത്തയും ഒപ്പിട്ട് മാര്‍ച്ച് 30ന് പുറത്തുവിട്ട ഡിക്രിയിലാണ് പുതിയ പ്രാര്‍ത്ഥനയും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'മഹാമാരിയുടെ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി' എന്ന തലക്കെട്ടോട് കൂടിയാണ് പ്രാര്‍ത്ഥന. "മഹാമാരിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന സകലര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. പിതാവായ ദൈവം, രോഗികള്‍ക്ക് ആരോഗ്യവും, അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് ബലവും, കുടുംബങ്ങള്‍ക്ക് ആശ്വാസവും, മരിച്ചവര്‍ക്ക് മോക്ഷവും നല്‍കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് പുരോഹിതന്‍ പുതിയ പ്രാര്‍ത്ഥന ആരംഭിക്കേണ്ടത്. ഒരു നിമിഷത്തെ നിശബ്ദ പ്രാര്‍ത്ഥനക്ക് ശേഷം വീണ്ടും പുരോഹിതന്‍ പ്രാര്‍ത്ഥന തുടരണമെന്നും ഡിക്രിയില്‍ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ടെന്ന് ആരാധനാ തിരുസംഘം വ്യക്തമാക്കി. മഹാമാരിയുടെ അന്ത്യത്തിന് ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ടുള്ള നിയോഗം വെച്ചു പ്രത്യേക ബലിയര്‍പ്പണം നടത്തുവാനും ഡിക്രി ആഹ്വാനം ചെയ്യുന്നു. നേരത്തെ ലോകമെമ്പാടും പിന്തുടരേണ്ട വിശുദ്ധവാര ആചരണത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ ആരാധന തിരുസംഘം പുറത്തിറക്കിയിരിന്നു.