News
സെമിത്തേരി സന്ദര്‍ശിച്ച് ഇറ്റാലിയന്‍ മെത്രാന്മാരുടെ പ്രാര്‍ത്ഥന: വൈദികരുടെ മരണസംഖ്യ 87 പിന്നിട്ടു
സ്വന്തം ലേഖകന്‍ 03-04-2020 - Friday
റോം, ഇറ്റലി: ലോകത്തു കോവിഡ് 19 രോഗബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ഇറ്റലിയില്‍ സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയുമായി മെത്രാന്‍മാര്‍. കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലെ മെത്രാന്‍മാര്‍ രാജ്യത്തെ സെമിത്തേരികളില്‍ സന്ദര്‍ശനം നടത്തി കൊറോണ മൂലം മരണപ്പെട്ട ആയിരങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തത്. വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോ പട്ടണത്തിലെ സെമിത്തേരിയില്‍ രൂപതാധ്യക്ഷന്‍ ഫ്രാന്‍സെസ്കൊ ബെസ്ച്ചി സന്ദര്‍ശിക്കുകയും കൊറോണ മൂലം മരണപ്പെട്ട 553 പേരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. രൂപതയില്‍ മാത്രം ഇരുപത്തിയഞ്ചോളം രൂപതാ പുരോഹിതരാണ് കൊറോണ മൂലം മരണപ്പെട്ടത്.
ബെര്‍ഗാമോ നഗരം തന്നെ വലിയ സെമിത്തേരിപോലെ ആയെന്നു ബിഷപ്പ് ബെസ്ച്ചി മാര്‍ച്ച് 29-ന് ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. ആരെയും പുറത്ത് കാണുവാനില്ലെന്നും മാധ്യമങ്ങളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് കാണുവാന്‍ കഴിയുന്നതെന്നും വേദനയുടെ സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറ്റലിയില്‍ മാര്‍ച്ച് 31 വരെ 87 വൈദികരാണ് മരണപ്പെട്ടിരിക്കുന്നതെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ ഉടമസ്ഥതയിലുള്ള അവനീര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരണപ്പെട്ട രൂപതാ വൈദികരില്‍ മൂന്നിലൊരു ഭാഗവും 75 വയസ്സിനുമേല്‍ പ്രായമുള്ളവരാണ്.
കഴിഞ്ഞ ദിവസം രണ്ടു വൈദികര്‍ കൂടി മരണപ്പെട്ടതോടെ മിലാന്‍ രൂപതയില്‍ മരണപ്പെട്ട വൈദികരുടെ എണ്ണം പത്തു ആയി. ഇറ്റലി-ഓസ്ട്രിയന്‍ അതിര്‍ത്തി മേഖലയിലെ ബോള്‍സാനോ രൂപതയില്‍ കൊവിഡ്-19 മൂലം മരണപ്പെട്ടത് നാലു വൈദികരാണ്. ഇറ്റലിയിലെ വെര്‍സെല്ലി, ടൂറിന്‍, ലാ സ്പെസിയ-സര്‍സാന-ബ്രഗ്നാട്ടോ, നുവോറോ, റെഗ്ഗിയോ എമിലിയ-ഗുവാസ്റ്റാല്ല, ഉഡൈന്‍, ക്രെമോണ തുടങ്ങിയ രൂപതകളിലും വൈദികരുടെ മരണങ്ങള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറ്റലിയില്‍ ഇന്നലെ വരെ 1,15,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 13,915 പേരാണ് മരണപ്പെട്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക