News - 2025
കൊറിയന്‍ അതിര്‍ത്തിയില്‍ ബൈബിള്‍ കൈമാറ്റം ചെയ്യുന്നതിന് കടുത്ത ശിക്ഷ
പ്രവാചക ശബ്ദം 21-06-2020 - Sunday
സിയോള്‍: തെക്കന്‍ കൊറിയയില്‍ നിന്നും അതിര്‍ത്തികള്‍ വഴി ഉത്തര കൊറിയയിലേക്ക് ബൈബിള്‍ കടത്തുന്നത് തടയുന്നതിനായി പുതിയ നിയമ നിര്‍മ്മാണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാസാക്കിയ പുതിയ നിയമത്തിലൂടെ ദക്ഷിണ കൊറിയയില്‍ നിന്നും ഉത്തര കൊറിയയിലേക്ക് ബലൂണുകള്‍ വഴിയും, കുപ്പികളില്‍ അടച്ച് കടലിലൂടെയും ബൈബിളുകള്‍ കടത്തുന്നത് കടുത്ത പിഴ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഗ്യോന്‍ങ്ങി പ്രവിശ്യയില്‍ നിന്നുമാണ് കൂടുതലായും ബൈബിള്‍ അടങ്ങിയ ബലൂണുകളുടെ കൈമാറ്റം നടക്കാറുള്ളത്. ബലൂണ്‍ ലോഞ്ച് ഇനി നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഗ്യോന്‍ങ്ങിയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ലീ അറിയിച്ചു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള മേഖലയാണ് കൊറിയ.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബലൂണുകള്‍ വഴിയും, കുപ്പികളില്‍ അടച്ച് കടലിലൂടെയും യാതൊരു കുഴപ്പവും കൂടാതെ ഉത്തരകൊറിയയിലേക്ക് ബൈബിളുകള്‍ എത്തിക്കുകയായിരുന്നുവെന്നും ഇക്കാലമത്രയും ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും 'വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് കൊറിയ' (വി.ഒ.എം കൊറിയ) സി.ഇ.ഒ യും പാസ്റ്ററുമായ എറിക്ക് ഫോളി പറഞ്ഞു. ഒന്നര പതിറ്റാണ്ടായി പിന്തുടര്‍ന്നു വന്നിരുന്ന നയത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും, മതസ്വാതന്ത്ര്യത്തിന് പെട്ടെന്നൊരു ഭീഷണി നേരിട്ട പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഉത്തര കൊറിയയെ സുവിശേഷവത്കരിക്കുന്നതിന് വേണ്ടിയല്ല, തങ്ങള്‍ ഇത് ചെയ്യുന്നത്. ദൈവം ഏല്‍പ്പിച്ച കര്‍ത്തവ്യം ഉത്തര കൊറിയയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടെ ചെയ്യുവാന്‍ കഴിയാത്തതിനാല്‍ അവര്‍ തങ്ങളുടെ സഹായം ആവശ്യപ്പെടുകയായിരുന്നു” ഫോളി വിവരിച്ചു. ബൈബിള്‍ കടത്തുന്നതിന് മുന്‍പ് വരെ ഉത്തര കൊറിയയില്‍ ആരും തന്നെ ബൈബിള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും, ഇപ്പോള്‍ ഉത്തര കൊറിയന്‍ ജനതയുടെ എട്ട് ശതമാനത്തിലധികം പേരുടെ പക്കലും ബൈബിള്‍ ഉണ്ടെന്നും ഫോളി കൂട്ടിച്ചേര്‍ത്തു. ദൈവവചനമെത്തിക്കുവാനുള്ള വഴികള്‍ അടഞ്ഞെങ്കിലും ദൈവം പുതിയ പദ്ധതി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മിഷ്ണറിമാര്‍.