News - 2025
നിര്‍ബന്ധിത പണപ്പിരിവുകള്‍ ഒഴിവാക്കാം, ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരാകാം: കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സഭാദിന സന്ദേശം
പ്രവാചക ശബ്ദം 22-06-2020 - Monday
കൊച്ചി: സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള വൈദികരും സമര്‍പ്പിതരും അല്‍മായരും ശരിയായ ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരായിരിക്കണമെന്നും കോവിഡ് കാലത്തു നിര്‍ബന്ധിത പണപിരിവുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ച് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സഭാ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയില്‍ സംജാതമാകണമെന്നും അദ്ദേഹം സര്‍ക്കുലറില്‍ കുറിച്ചു.
സഭാദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശൂശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
മാര്‍തോമാശ്ലീഹായുടെ ദുക്റാനാതിരുനാള്‍ ദിനമായ ജൂലൈ മുന്ന് ഒരിക്കല്‍ കൂടി സമാഗതമാകുന്നു. ഈ ദിവസം നാം സീറോമലബാര്‍ സഭാദിനമായും ആഘോഷിക്കുകയാണല്ലോ. ദുക്റാനാതോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ തിരുനാളാണ്. വിശ്വാസത്തിന്‍റെ കൈമാറ്റം വഴിയാണ് നാം മാര്‍തോമാശ്ലീഹായോട് ബന്ധപ്പെട്ടിരിക്കുന്നതും അദ്ദേഹത്തെ നമ്മുടെ പിതാവായി മഹത്വപ്പെടുത്തുന്നതും. ഉത്ഥിതനായ ഈശോയുടെ തിരുവിലാവ് ദര്‍ശിച്ച തോമാശ്ലീഹായുടെ “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” (മാറ് വാലാഹ്) എന്ന ഉദീരണം സുവിശേഷങ്ങളില്‍ ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനമായി നിലകൊള്ളുന്നു. ‘കര്‍ത്താവേ’ ‘ദൈവമേ’ എന്ന രണ്ടുവിളികളും ഈശോയുടെ ദൈവത്വത്തെ സൂചിപ്പിക്കുന്നവയാണ്. മനുഷ്യനായി ജീവിച്ചു മരിച്ച് ഉത്ഥാനം ചെയ്ത ഈശോ ദൈവവുമാണ് എന്ന പ്രഖ്യാപനമാണ് തോമാശ്ലീഹ നടത്തിയത്. ഇതിനുസമാനമായ വി. പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, “നീ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ മിശിഹായാകുന്നു” എന്നതായിരുന്നു. പത്രോസിന്‍റെ ഈ പ്രഖ്യാപനം കര്‍ത്താവിന്‍റെ പരസ്യജീവിതത്തിന്‍റെ മധ്യത്തിലായിരുന്നു; തോമാശ്ലീഹായുടേത് ഈശോയുടെ ഉത്ഥാനത്തിനുശേഷവും. ഉത്ഥാനശേഷം വി. പത്രോസ് നടത്തിയത് ഈശോയോടുള്ള സ്നേഹത്തിന്‍റെ പ്രഖ്യാപനമായിരുന്നു. ഈ സ്നേഹപ്രഖ്യാപനത്തില്‍ ഉത്ഥിതനായ മിശിഹായിലുള്ള വി. പത്രോസിന്‍റെ പൂര്‍ണമായ വിശ്വാസസമര്‍പ്പണവും ഉള്‍ക്കൊണ്ടിരുന്നു. വിശ്വാസത്തിന്‍റെ സഫലീകരണമാണ് സ്നേഹം. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണു നമ്മെ രക്ഷിക്കുന്നതെന്ന് വി. പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. തോമാശ്ലീഹായിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം സ്നേഹത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. കൊറോണ ബാധയുടെ ഈ കാലത്ത് അതു കൂടുതല്‍ സജീവമാക്കുവാന്‍ ദൈവം നമുക്ക് അവസരം നല്‍കിയിരിക്കുന്നു.
ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
കൊറോണക്കാലം പല ജീവിതനവീകരണ സാധ്യതകളും നമുക്ക് തുറന്നു നല്‍കിയിട്ടുണ്ട്. കാലങ്ങളായി സഭ ചിന്തിച്ചുകൊണ്ടിരുന്നതുംപലതലങ്ങളില്‍ നിന്നും ഉന്നയിക്കപ്പെട്ടിരുന്നതുമായ ജീവിതലാളിത്യം സ്വീകരിക്കുവാനുള്ള ആവശ്യബോധം ഇന്ന് നമുക്കുണ്ടാകുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്‍റെ കാലമായിരിക്കണം. ധൂര്‍ത്തും ആര്‍ഭാടവും നമ്മുടെ ജീവിതശൈലിയില്‍ നിന്ന് അകലണം. ഉടനേ പുതിയ നിര്‍മ്മാണപദ്ധതികള്‍ ആസൂത്രണം ചെയ്യാതിരിക്കണം. ഇടവകകളും സ്ഥാപനങ്ങളും തുടങ്ങിവച്ചിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാവകാശം പൂര്‍ത്തിയാക്കിയാല്‍ മതി എന്ന സംയമനമനോഭാവം നമുക്കുണ്ടാകണം. നിര്‍ബന്ധിത പണപ്പിരിവുകള്‍ നടത്താതിരിക്കാന്‍ നമുക്കു തീരുമാനമെടുക്കാം. ഒരുവിധ സമ്മര്‍ദ്ദവുമില്ലാതെ ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന നേര്‍ച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ നമുക്കു നിര്‍വഹിക്കാം. സഭാശുശ്രൂഷകളുടെയും ധ്യാനപ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നമുക്കു നിറുത്തലാക്കാം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിനിര്‍മ്മാണങ്ങളും പരിപാടികളുംആസൂത്രണം ചെയ്യുന്നത്ഉചിതമല്ല. സഭയിലെ ആവശ്യങ്ങളുടെ നിര്‍വഹണം സഭാ മക്കളുടെ കൂട്ടായ്മയുടെ പൊതുവായ ആത്മീയചിന്തയില്‍ നിന്ന് ഉയിര്‍കൊള്ളുന്നതാകട്ടെ.
വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണം.
ജീവിത നവീകരണം
ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ സഭയുടെ മുഖം ദരിദ്രമാകട്ടെ. സഭ പാവപ്പെട്ടവരുടേതാകട്ടെ. സഭയുടെ സമ്പത്ത് ദൈവജനമാണ്. സഭയുടെ അത്യാവശ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി യഥാസമയം വേണ്ടത് നല്‍കുവാന്‍ തക്ക വിശ്വാസതീക്ഷ്ണത നമ്മുടെ സഭാമക്കള്‍ക്കുണ്ട്. സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും നമ്മുടെ ജനം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയില്‍ സംജാതമാകട്ടെ.ദൈവസ്നേഹപ്രേരിതമായ കാരുണ്യപ്രവര്‍ത്തനങ്ങളായിരിക്കണം സഭയുടെ മുഖമുദ്ര. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലെ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കാരുണ്യസ്പര്‍ശംകൊണ്ട് ഉത്തമ ക്രൈസ്തവസാക്ഷ്യങ്ങളായിത്തീരട്ടെ. കോവിഡുകാലത്ത് ഇടവകകളും സ്ഥാപനങ്ങളും രൂപതകളുടെ സാമൂഹ്യക്ഷേമ വിഭാഗങ്ങളും മറ്റ് സംഘടനകളും ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ക്ക് ഞാന്‍ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
കൊറോണക്കാലത്തെ ആരാധനാകര്‍മ്മങ്ങള്‍
2020 കോവിഡു വര്‍ഷമായി ലോകചരിത്രത്തില്‍ അറിയപ്പെടുമെന്ന് തോന്നുന്നു. ഈ വര്‍ഷാവസാനംവരെയെങ്കിലും കൊറോണ വൈറസിന്‍റെ ആക്രമണം ലോകജനതയ്ക്കു നേരിടേണ്ടിവരും. അതിനാല്‍ രോഗത്തിന്‍റെ സമൂഹവ്യാപനം ഏതുവിധേനയും തടയേണ്ടത് മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ഈ ഉത്തരവാദിത്വബോധം എല്ലാവരിലുമുണ്ടാകുവാന്‍ നാം കഠിനമായി പരിശ്രമിക്കണം. മനുഷ്യജീവിതത്തെ സാധാരണ ഗതിയിലാക്കിക്കൊണ്ടുതന്നെ രോഗനിയന്ത്രണം സാധിക്കുക എന്ന നയമാണ് ഈ രണ്ടാം ഘട്ടത്തില്‍ രാജ്യങ്ങളെല്ലാം സ്വീകരിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യവും ഇതേ സമീപനമാണല്ലോ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, ലോക്ഡൗണില്‍ ഇളവുകള്‍ ക്രമാനുഗതമായി നല്‍കപ്പെടുന്നു. വ്യാപാരസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവ ഏതാണ്ട് പൂര്‍ണ്ണതോതില്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. സ്വകാര്യ വാഹനഗതാഗതം ഏറെക്കുറെ പൂര്‍ണ്ണതോതില്‍ ആയി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമില്ല. ജൂണ്‍ 09 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതിന് അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇളവുകളെല്ലാം അനുവദിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശനമായ നിബന്ധനകളും സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. സഭാമക്കളായ നാമെല്ലാവരും അവയെല്ലാം കണിശമായി പാലിച്ച് രാജ്യത്തിന്‍റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണം.
ദൈവാലയത്തിലെ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിച്ചുവെന്നതിന്‍റെ പേരില്‍ എല്ലാവരും എപ്പോഴും ആരാധനാകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ തിടുക്കം കൂട്ടുന്നത് ഈ സാഹചര്യത്തില്‍ ശരിയാകില്ല. ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ദൈവാലയങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അതേ രീതി തുടരാം. ഇതുവരെയും ആരാധനാശുശ്രൂഷകള്‍ പുനരാരംഭിക്കാത്ത ദൈവാലയങ്ങളില്‍ അവ തുടങ്ങുമ്പോഴും രോഗ വ്യാപനനിയന്ത്രണത്തിനുവേണ്ട മുന്‍കരുതലുകള്‍ എടുത്തേ തീരൂ. ഈ വിഷയത്തില്‍ നമുക്ക് യാതൊരുവിധ ഉദാസീനതയും ഉണ്ടാകരുത്. രോഗവ്യാപനത്തിന്‍റെ പുതിയ സാധ്യതകള്‍ എവിടെയെങ്കിലുമുണ്ടെന്നറിഞ്ഞാല്‍, ആരാധനാലയങ്ങള്‍ വീണ്ടും അടച്ചുകൊണ്ട് വൈദികരും ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുസമൂഹം സാധാരണ ജീവിതശൈലിയിലേയ്ക്ക് വരുന്നതോടൊപ്പം സഭാമക്കളുടെ കൗദാശികജീവിതം ക്രമേണ സാധാരണഗതിയിലേയ്ക്ക് വരണമെന്നതാണ് നമ്മുടെ ലക്ഷ്യം.
ആദ്ധ്യാത്മികതയുടെ പുതിയ മാനങ്ങള്‍
ആത്മീയതയ്ക്കു വിരുദ്ധമായി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയ സമീപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിച്ചുസംശുദ്ധമായ ക്രൈസ്തവസാക്ഷ്യം നല്‍കുവാന്‍ കോവിഡു കാലത്തിന്‍റെ അനുഭവം നമ്മെ കൂടുതല്‍ പ്രേരിപ്പിക്കണം. സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള വൈദികരും സമര്‍പ്പിതരും അല്‍മായരും ശരിയായ ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരായിരിക്കണം. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിഞ്ഞിരുന്നതുകൊണ്ട് കൂടുതല്‍ വ്യക്തിപരമായി പ്രാര്‍ത്ഥിക്കുവാനും കുടുംബപ്രാര്‍ത്ഥന ക്രമമായി ചൊല്ലുവാനും ഏവര്‍ക്കും സാധിച്ചുവല്ലോ. ഓണ്‍ലൈന്‍ കുര്‍ബാനയര്‍പ്പണങ്ങളിലും ഭക്തിപൂര്‍വ്വം സംബന്ധിക്കുവാന്‍ സാധിച്ചു. ഈ പ്രാര്‍ത്ഥനാനുഭവത്തോടൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ഓണ്‍ലൈനില്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. മുതിര്‍ന്നവര്‍ക്കും വിശ്വാസവിഷയങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാകുന്നതിന് ഈ അവസരത്തെ പ്രയോജനപ്പെടുത്താവുന്നതാണ്.
വിശ്വാസജീവിതത്തിന് നിരക്കാത്ത എല്ലാ പ്രവണതകളെയും നമ്മില്‍ നിന്ന് അകറ്റുവാന്‍പരിശ്രമിക്കാം. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, മനുഷ്യജീവന് എതിരെയുള്ള അക്രമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മറ്റുള്ളവരുടെ സ്വകാര്യതയ്ക്കെതിരെയുള്ള കടന്നുകയറ്റം, ഇതരര്‍ക്ക് അപകീര്‍ത്തി വരുത്തുന്ന പ്രചരണങ്ങള്‍, ലൈംഗികതയുടെ എല്ലാത്തരത്തിലുമുള്ള ദുരുപയോഗം മുതലായ തിന്മകള്‍ക്കു വിധേയരാകാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം. നന്മയില്‍ കൂടുതല്‍ വളരുന്നതുവഴിയാണ് തിന്മയെ അതിജീവിക്കുവാന്‍ സാധിക്കുന്നത്. സംശുദ്ധമായ സ്നേഹവും കാരുണ്യവും നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും വളര്‍ത്തിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം. ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കഴിയുന്നിടത്തോളം സഹായിക്കാം. പ്രവാസികള്‍ ഇപ്പോഴും നാട്ടിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണല്ലോ. അവര്‍ക്ക് ആവശ്യകമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ സര്‍ക്കാരിനോടൊപ്പം നാം സന്നദ്ധരാകണം.പ്രവാസികളുടെ മക്കള്‍ക്ക് ആവശ്യകമായ സ്കൂള്‍-കലാലയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കഴിവതും ഏര്‍പ്പെടുത്തിക്കൊടുക്കുവാന്‍ സഭാസ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
വംശീയ വിവേചനം ഇന്ന് സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നുണ്ട്. എക്കാലത്തുമുണ്ടായിരുന്ന ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ ലോകരാഷ്ട്രങ്ങള്‍ക്കു സാധിച്ചിരുന്നതാണ്. എന്നാല്‍ അടുത്ത കാലത്ത് അതു വീണ്ടും പലപല രീതികളില്‍ രംഗപ്രവേശം ചെയ്യുന്നതായിട്ട് കാണുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ തിന്മയെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യേണ്ടത് ലോകജനതയുടെ സംസ്കാരികോന്നമനത്തിന് ആവശ്യകമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വംശീയ വിവേചനം നമ്മുടെ വിശ്വാസത്തിന് കടകവിരുദ്ധമാണ്. യഹൂദരെയും ഗ്രീക്കുകാരെയും സമറിയാക്കാരെയുമെല്ലാം ദേശീയ, വംശീയ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ ദൈവപിതാവിന്‍റെ മക്കളെന്ന നിലയില്‍ സഹോദരീസഹോദരന്മാരായി കണ്ടാണ് ഈശോ ജീവിച്ചതും പ്രസംഗിച്ചതും പഠിപ്പിച്ചതും. വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ഈശോമിശിഹായില്‍ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല (ഗലാ. 3:28). അതിനാല്‍, നമ്മില്‍ നിന്ന് വംശീയ വിവേചനത്തിന്‍റെ ചിന്തകളോ സംസാരമോ പ്രവൃത്തികളോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരെയും സഹോദരീസഹോദരന്മാരായി കണ്ട്, സഭയിലും സമൂഹത്തിലും കൂട്ടായ്മയില്‍ ജീവിക്കുന്ന ഒരു സംസ്കാരം നാം വളര്‍ത്തിയെടുക്കണം.
ക്രിസ്തീയ ആദ്ധ്യാത്മികതയുടെ സാമൂഹികമാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. കൊറോണക്കാലത്തും അതിനുശേഷം വരുന്ന വര്‍ഷങ്ങളിലും നാം ഉല്‍പ്പാദകരാകണം. വ്യക്തിപരമായും കുടുംബങ്ങളായും സമൂഹമായും നമ്മളാല്‍ കഴിയും വിധംരാജ്യത്തിന്‍റെ സമ്പദ്ഘടനയെ പരിരക്ഷിക്കുവാന്‍പരിശ്രമിക്കണം. കൃഷിയാണ് പ്രഥമതപരിഗണനയര്‍ഹിക്കുന്നത്. വ്യക്തികളുടെയോ ഇടവകകളുടെയോ സ്ഥാപനങ്ങളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലുംകൃഷിചെയ്യണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാന്‍ ഇടയാകരുത്. വൈദികര്‍ ഉള്‍പ്പെടെ ദൈവജനം മുഴുവനും കൃഷിപ്പണികള്‍ക്കായി കുറെ സമയം കണ്ടെത്തണം. ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പു പ്രകാരം കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം നേരിടാന്‍ പോവുകയാണ്. കേരളത്തില്‍ ഉല്‍പദിപ്പിക്കുന്നവ കൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാന്‍വേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കുപോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷിചെയ്യാവുന്നതാണല്ലോ. ഇടവകകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ വിപണികള്‍ തുറന്ന് കാര്‍ഷിക വിളകള്‍ ന്യായവിലയ്ക്കു എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ പരിശ്രമിക്കുന്നത് കൃഷിക്കാരുടെ അഭിവൃദ്ധിക്ക് ഉപകരിക്കും. നാണ്യവിളകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യങ്ങളിലും ഇതരരാജ്യങ്ങളിലും വില്‍പനസാധ്യതയുള്ള വിളകളിലേയ്ക്ക് നാം കൃഷി തിരിച്ചുവിടണം. നമ്മുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസും അതോടൊപ്പം ഇന്‍ഫാമും കൃഷിയുടെ രംഗത്ത് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് നന്നായിരിക്കും. ചെറുകിട വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ അവയുടെ ഉടമസ്ഥര്‍ തീവ്രമായി പരിശ്രമിക്കണം.
കോവിഡ് കാലത്ത് വന്ന സാമ്പത്തിക മാന്ദ്യം അതിജീവിക്കുവാന്‍ മേല്‍പ്പറഞ്ഞ അക്ഷീണപരിശ്രമങ്ങള്‍ കൂടിയേ തീരു. അതോടൊപ്പം,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വയ്ക്കുന്ന കോവിഡാനന്തര സാമ്പത്തികോന്നമന പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് പൂര്‍ണ്ണസഹകരണം നല്‍കാം. ഒരു ജനാധിപത്യ രാജ്യമെന്നനിലയില്‍ പൊതുസമൂഹത്തില്‍ ഉണ്ടാകാവുന്ന അഴിമതിക്കും ചൂഷണത്തിനുമെതിരെ നാമെല്ലാവരും ജാഗരൂകതയോടെ വര്‍ത്തിക്കണം. ആരും ആരെയും ചൂഷണം ചെയ്യുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടാ. അത്തരം അനീതിപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞാല്‍ പൊതുമനസാക്ഷിയെ തട്ടിയുണര്‍ത്തി അവയെ ഉന്മൂലനം ചെയ്യുവാന്‍ ജനാധിപത്യപരമായ നടപടികള്‍ നാം സ്വീകരിക്കണം.
ഈ ചിന്തകളെല്ലാം ക്രൈസ്തവ ജീവിതത്തിനു പുതിയൊരു രൂപവും ഭാവവും നല്‍കുവാന്‍ ഈ കാലഘട്ടത്തില്‍ നമ്മെ സഹായിക്കുമെന്നു കരുതുന്നു. നമ്മുടെ ആദ്ധ്യാത്മികതയുടെ ആന്തരികതലങ്ങളും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമാക്കാന്‍ കോവിഡുകാലത്തും കോവിഡാനന്തരകാലത്തും തീവ്രമായി പരിശ്രമിക്കാം. മിശിഹായുടെ മുഖം നമ്മുടെ സഭാജീവിതത്തിലൂടെ സമൂഹത്തില്‍ പ്രകാശിതമാക്കാം. വി. തോമാശ്ലീഹായെപ്പോലെ ദൈവവും മനുഷ്യനുമായ ഈശോമിശിഹായില്‍ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിച്ച് സഭയുടെയും സമൂഹത്തിന്‍റെയും സമുദ്ധാരണത്തില്‍ നമുക്ക് പങ്കുചേരാം.
ദൈവമേ സ്തുതി!ഈശോയേ സ്തുതി! പരിശുദ്ധാത്മാവേ സ്തുതി! എല്ലാവര്‍ക്കും ദുക്റാനാ തിരുനാളിന്‍റെയും സഭാദിനത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിങ്ങളെ ഞാന്‍ സ്നേഹപൂര്‍വം ആശീര്‍വദിക്കുന്നു.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്
കാക്കനാട് മൗണ്ട് സെന്‍റ് തോമസ്സിലുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്ന് 2020-ാം ആണ്ട് ജൂണ്‍ മാസം 17-ാം തീയതി നല്കപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക