News - 2025

പൊന്തിഫിക്കല്‍ സംഘടനയുടെ സഹായത്തിന്റെ ഭൂരിഭാഗവും നീക്കിവെച്ചത് ആഫ്രിക്കയിലെ പീഡിത ക്രൈസ്തവര്‍ക്കായി

പ്രവാചക ശബ്ദം 27-06-2020 - Saturday

ലണ്ടന്‍: ആഫ്രിക്കയിലുടനീളം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ ജീവകാരുണ്യ സഹായങ്ങളുടെ ഏറ്റവും വലിയ സ്വീകര്‍ത്താവ് ആഫ്രിക്കന്‍ ഭൂഖണ്ഡമായിരുന്നുവെന്നു പ്രമുഖ കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍). ഏറ്റവും ശക്തമായ മതപീഡനം നേരിടുന്നതിനാലാണ് തങ്ങള്‍ ആഫ്രിക്കക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയതെന്ന് എ.സി.എന്‍ (യു.കെ) നാഷണല്‍ ഡയറക്ടര്‍ നെവില്ലെ കിര്‍ക്ക്-സ്മിത്ത് വെളിപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന നൈജീരിയ, കാമറൂണ്‍, ചാഡ്‌, കെനിയ, സൊമാലിയ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കേണ്ടത് ഏറ്റവും അത്യാവശ്യമായി കൊണ്ടിരിക്കുകയാണെന്ന് കിര്‍ക്ക്-സ്മിത്ത് ചൂണ്ടിക്കാട്ടി.

സംഘടന പരിശീലനം നല്‍കുന്ന 16,206 സെമിനാരി വിദ്യാര്‍ത്ഥികളില്‍ 8,309 (പകുതിയിലധികം) പേരും ആഫ്രിക്കയിലാണ്. കഴിഞ്ഞ വര്‍ഷം എസിഎന്‍ നല്‍കിയ 13 ലക്ഷം മാസ് സ്റ്റൈപന്‍ഡിന്റെ 38 ശതമാനവും ആഫ്രിക്കന്‍ പ്രേഷിത മേഖലയിലേക്കാണ് പോയിരിക്കുന്നത്. ആഫ്രിക്കയിലെ ക്രൈസ്തവ സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ബൈബിളുകള്‍, മതബോധന ഗ്രന്ഥങ്ങള്‍, കുട്ടികള്‍ക്കുള്ള വിശ്വാസ പരിശീലന പുസ്തകങ്ങള്‍ ഉള്‍പ്പെടെ എ.സി.എന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നാലിലൊരു ഭാഗവും ആഫ്രിക്കയിലേക്കാണ് പോയിരിക്കുന്നതെന്നും കിര്‍ക്ക്-സ്മിത്ത് പറഞ്ഞു. അടിച്ചമര്‍ത്തപ്പെടുന്ന ആഫ്രിക്കന്‍ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി എസിഎന്നിന് സംഭാവനകള്‍ നല്‍കിയവരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ മാത്രം ആയിരത്തിലധികം ക്രൈസ്തവരാണ് തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു കൊല്ലപ്പെട്ടത്.


Related Articles »