India - 2025
'ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റേത് സമാധാനത്തിനായി മുറിവുകളേറ്റു വാങ്ങിയ ജീവിതം'
02-07-2020 - Thursday
പത്തനംതിട്ട: സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകാന്‍ സ്വയം നഷ്ടപ്പെടുത്തിയ, മുറിവുകള്‍ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റേതെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തന്റെ കാലശേഷവും തലമുറകള്‍ക്കു പ്രത്യാശപകരുന്ന ജീവിത സന്ദേശമാണു മാര്‍ ഈവാനിയോസ് നല്‍കിയത്. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ 67ാം ഓര്‍മപ്പെരുന്നാളിനു തുടക്കം കുറിച്ച് റാന്നി പെരുനാട്ടില്‍ നടന്ന അനുസ്മരണ ശുശ്രൂഷാമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബാവ.
കോവിഡ്19 കാലത്ത് ശരീരസംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തുന്നതുപോലെ ദൈവത്തില്‍ പ്രത്യാശവയ്ക്കാന്‍ ബാവ ആഹ്വാനം ചെയ്തു. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ദൈവത്തില്‍ പ്രത്യാശവച്ച ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാണെന്ന് ബാവ പറഞ്ഞു. റാന്നി പെരുനാട്ടില്‍ നടന്ന സമൂഹബലിയില്‍ മാര്‍ ക്ലീമിസ് ബാവ മുഖ്യ കാര്‍മികനായിരുന്നു. ബിഷപ്പുമാരായ സാമുവേല്‍ മാര്‍ ഐറേനിയോസും യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റവും സഹകാര്‍മികരായിരുന്നു. 'മലങ്കര ബുക്ക്‌സ്' എന്ന ഓണ്‍ലൈന്‍ ലൈബ്രറി കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 15 വരെ നീണ്ടുനില്‍ക്കുന്ന ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
രാവിലെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് വികാരി റവ. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ നേതൃത്വം നല്‍കി. വൈകിട്ട് കബറിടത്തില്‍ നടന്ന കുര്‍ബാനയില്‍ ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പാ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും കബറില്‍ കുര്‍ബാനയര്‍പ്പിക്കും. കോവിഡ്19 പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.