News - 2025
പീഡനമേല്‍ക്കുന്ന നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് സഹായം നല്‍കണം: യൂറോപ്യന്‍ യൂണിയനോട് മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 04-07-2020 - Saturday
അബൂജ/ ലക്സംബര്‍ഗ്: കടുത്ത മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന നൈജീരിയന്‍ ക്രൈസ്തവര്‍ക്കുള്ള യൂറോപ്യന്‍ യൂണിയന്റെ സഹായം വര്‍ദ്ധിപ്പിക്കണമെന്ന് യൂറോപ്പ്യന്‍ മെത്രാന്‍ സമിതി (സി.ഒ.എം.ഇ.സി.ഇ) പ്രസിഡന്‍റും ലക്സംബര്‍ഗ് ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജീന്‍ ക്ലോഡ് ഹോല്ലെറിച്ച്. ഇതിനായി താന്‍ പ്രത്യേകം ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ അധികാരികളോട് സഹകരിക്കുവാനും സഹായിക്കുവാനും യൂറോപ്യന്‍ മെത്രാന്‍ സമിതി തയ്യാറാണെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിക്കെഴുതിയ കത്തിലൂടെ കര്‍ദ്ദിനാള്‍ ജീന്‍ വാഗ്ദാനം ചെയ്തു. വര്‍ദ്ധിച്ച ആക്രമണങ്ങള്‍ മൂലം വീടുകള്‍ വിട്ട് പലായനം ചെയ്യുന്ന ക്രൈസ്തവരെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, യൂറോപ്പ് അവരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും വേണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
നൈജീരിയന്‍ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ദ്ദിനാള്‍- തീവ്രവാദികള്‍, കലാപകാരികള്‍, ഗോത്രപോരാളികള്‍ തുടങ്ങിയവരുടെ നിരന്തരമായ ആക്രമണങ്ങളുടേതായ സാഹചര്യത്തിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍ ജീവിക്കുന്നതെന്നും, ചില ഘട്ടങ്ങളില്‍ ഇത് ക്രിമിനല്‍ പീഡനത്തിന്റെ തോതുവരെ എത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയന്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തടയുവാനും, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാനും നടപടി വേണമെന്ന് ഏറെക്കാലമായി യൂറോപ്യന്‍ മെത്രാന്‍ സമിതി, യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടുവരികയാണ്. നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ട നയതന്ത്രപരവും, രാഷ്ട്രീയപരവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്യണമെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലും യൂറോപ്യന്‍ മെത്രാന്‍ സമിതി അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മുന്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി സഭാംഗമായ ഫ്രാങ്ക് വൂൾഫ്, മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് തുടങ്ങിയ അമേരിക്കന്‍ നേതാക്കളും നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തെത്തിയിരിന്നു. 2015 മുതല്‍ ഏതാണ്ട് ആറായിരത്തോളം ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ അറുനൂറു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ദി റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) മെയ് 15ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും വിഷയത്തില്‍ നിശബ്ദത തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക