News - 2024

നൂറു ദിവസം നീണ്ട കാത്തിരിപ്പ്: റിയോ ഡി ജനീറോയില്‍ പൊതു ബലിയർപ്പണം പുനഃരാരംഭിച്ചു

പ്രവാചക ശബ്ദം 06-07-2020 - Monday

റിയോ ഡി ജനീറോ: നൂറു ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ പ്രമുഖ നഗരമായ റിയോ ഡി ജനീറോയിലെ കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു. ദേവാലയത്തില്‍ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ മുപ്പതു ശതമാനം വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരിന്നു ഇക്കഴിഞ്ഞ ശനിയാഴ്ച വിശുദ്ധ കുർബാന അർപ്പണം നടന്നത്. മൂന്നുമാസത്തോളം ഭവനങ്ങളിൽ ഇരുന്ന് ഓൺലൈനിലൂടെ വിശുദ്ധ കുർബാന കണ്ടതിനുശേഷം വലിയ ആവേശത്തോടും ആഹ്ലാദത്തോടെയുമാണ് വിശ്വാസികൾ വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാനായി എത്തിയത്. വ്യക്തമായ മുൻകരുതലുകൾ സ്വീകരിച്ചായിരിന്നു പൊതു ബലിയര്‍പ്പണം.

തങ്ങൾ തിരുകര്‍മ്മങ്ങള്‍ പുനഃരാരംഭിക്കുകയാണെന്നും, എന്നാൽ അത് മുന്‍പത്തെ പോലെ ആയിരിക്കില്ലായെന്നും റിയോ ഡി ജനീറോയുടെ ആര്‍ച്ച് ബിഷപ്പ് ഒറാനി ടെമ്പസ്റ്റ പറഞ്ഞു. വൈറസ് ബാധ പൂർണ്ണമായും വിട്ടു പോയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാനിറ്റൈസർ ഉപയോഗത്തിന് ശേഷവും, ശരീര താപനില പരിശോധിച്ചതിനും ശേഷമാണ് വിശ്വാസികളെ കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ദേവാലയത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അറിയാൻ സെൻസർ പ്രവേശന കവാടത്തില്‍ ക്രമീകരിച്ചിരുന്നു.

പ്രതിസന്ധികൾ എല്ലാം കടന്നു പോകുമെന്ന പ്രത്യാശ ലഭിക്കാൻ വിശ്വാസം ആവശ്യമാണെന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഡാനിയേല ബോർജസ് എന്ന വിശ്വാസി പറഞ്ഞു. കൊറോണ വൈറസ് മൂലം ക്ലേശിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിച്ചതും, യേശുവിനെ സ്വീകരിക്കാൻ സാധിച്ചതും ഹൃദയസ്പർശിയായ അനുഭവം ആയിരുന്നുവെന്ന് ഡാനിയേല കൂട്ടിച്ചേർത്തു. 1,19,000 കൊറോണ വൈറസ് കേസുകളാണ് റിയോ ഡി ജനീറോയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 10500 ആളുകൾ മരണമടഞ്ഞു. ബ്രസീലിൽ ആകെ 63,000 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 564