News - 2025
സ്പെയിനിലെ പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആരോഗ്യ പ്രവർത്തകർക്കായി തുറന്നു
പ്രവാചക ശബ്ദം 06-07-2020 - Monday
ബാര്‍സിലോണ: കൊറോണ വൈറസ് ഭീഷണി മൂലം നാലു മാസത്തോളമായി അടച്ചിരുന്ന സ്പെയിനിലെ ലോക പ്രശസ്ത നിർമ്മിതിയായ സാഗ്രഡ ഫാമിലിയ ബസിലിക്ക ആരോഗ്യ പ്രവർത്തകർക്കായി തുറന്നുകൊടുത്തു. അധികൃതരുടെ ക്ഷണം സ്വീകരിച്ച് ശനിയാഴ്ച ഒരു സംഘം ആരോഗ്യ പ്രവർത്തകർ ദേവാലയം സന്ദർശിച്ചു. ഞായറാഴ്ച ദിവസവും ജൂലൈ 11, 12 തീയതികളിലും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ബസിലിക്ക തുറന്നുകൊടുക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ദേവാലയം തുറന്നുകൊടുക്കുന്നതിനെ കൊറോണ വൈറസിനെതിരെ പൊരുതുന്നതിനുള്ള 'നന്ദി പ്രകാശനം' എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്. രണ്ടാം ഘട്ട ഇളവുകൾ നൽകുമ്പോൾ ബാഴ്സലോണയിലെ ജനങ്ങൾക്ക് ബസിലിക്ക സന്ദർശിക്കാൻ അവസരം നല്‍കിയേക്കുമെന്നാണ് സൂചന.
നഗരത്തിന് പുറത്തുള്ള സന്ദർശകർക്ക് അനുമതി ലഭിക്കുന്ന ദിവസത്തിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കത്തീഡ്രല്‍ ദേവാലയം ഇടംപിടിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക