News - 2025
ബൊക്കോഹറാം ആക്രമണങ്ങളില്‍ 8370 അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് നൈജീരിയയിലെ ക്രൈസ്തവ സഭ
പ്രവാചക ശബ്ദം 06-07-2020 - Monday
അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം നടത്തിയ ആക്രമണങ്ങളില്‍ തങ്ങളുടെ 8370 സഭാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി മേഖലയിലെ ഏറ്റവും വലിയ തദ്ദേശീയ ക്രിസ്ത്യന്‍ സഭാവിഭാഗമായ ബ്രദറന്‍ സഭ. ഹോസ ജനതക്കിടയില്‍ ‘എക്ക്ലേസിയ്യ യാനു’ഉവ നൈജീരിയ’ (ഇ.വൈ.എന്‍) എന്നറിയപ്പെടുന്ന ബ്രദറന്‍ സഭയാണ് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള ക്രിസ്ത്യന്‍ സഭാവിഭാഗമെന്ന് ഇ.വൈ.എന്‍ പ്രസിഡന്റ് ജോയല്‍ ബില്ലി പറഞ്ഞു. യോളായില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങളെ തുടര്‍ന്നു എഴുലക്ഷത്തോളം സഭാംഗങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ അറുപതു ജില്ലാ കൗണ്‍സിലുകളില്‍ 53 കൗണ്‍സിലുകളും ബൊക്കോഹറാമിന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ക്കിരയായി കൊണ്ടിരിക്കുകയാണെന്നും, ഇതിനോടകം തന്നെ മുന്നൂറോളം ദേവാലയങ്ങളും, 586 അനുബന്ധ കെട്ടിടങ്ങളും, സഭാംഗങ്ങളുടെ എണ്ണമറ്റ ഭവനങ്ങളും തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ 217 പേരും ഇ.വൈ.എന്‍ സഭാംഗങ്ങളാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ലീ ഷരീബു, ആലിസ് ലോക്ഷാ എന്നിവരുള്‍പ്പെടെ ബൊക്കോഹറാമിന്റെ തടവില്‍ കഴിയുന്ന നൂറുകണക്കിന് ക്രൈസ്തവരുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടും സംസ്ഥാന ഗവര്‍ണര്‍മാരോടും ജോയല്‍ ബില്ലി അഭ്യര്‍ത്ഥിച്ചു. അതേസമയം ഓരോ ദിവസവും ക്രൈസ്തവ സമൂഹത്തിനു നേരെ വ്യാപക ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക