India - 2025

ഹാഗിയ സോഫിയ: തുര്‍ക്കി തീരുമാനത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍

16-07-2020 - Thursday

കൊച്ചി: ഐക്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്‌ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡന്റിന്റെ തീരുമാനത്തില്‍ കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്‌കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

ഈ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ പന്ത്രണ്ടിനു വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തില്‍ നല്‍കിയ സന്ദേശത്തില്‍ പങ്കുവച്ച വികാരങ്ങളോടും കോണ്സ്റ്റാ ന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമി ഒന്നാമനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് കിറിലും പ്രകടിപ്പിച്ച വേദനയോടും ഉല്‍കണ്ഠയോടും തുര്‍ക്കിയുടെ പ്രസിഡന്റിന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എഴുതിയ കത്തിലെ ആവശ്യങ്ങളോടും ലോകമാസകലമുള്ള വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ വികാരങ്ങളോടും തങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്നും തുര്‍ക്കി പ്രസിഡന്റ് എടുത്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്മാര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 332