India - 2025
ദുരന്തകാലത്ത് ആശ്വാസമേകാന്‍ തോണിച്ചാല്‍ ഇടവകയിലെ കരുതല്‍ സേന
പ്രവാചക ശബ്ദം 18-07-2020 - Saturday
കല്‍പ്പറ്റ: പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി രൂപതയിലെ തോണിച്ചാല്‍ ഇടവക കരുതല്‍ സേന രൂപീകരിച്ചു. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് കരുതല്‍ സേന രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍അറുപത്തി ആറംഗങ്ങളാണ് കൂട്ടായ്മയിലുളളത്. അടിയന്തര സാഹചര്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനമാണ് ഈ സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവയും കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭഘട്ടത്തില്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകളും അവബോധസന്ദേശങ്ങളും പ്രചരിപ്പിച്ച് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും.
ജില്ലാദുരന്തനിവാരണ അതോററ്റിയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കരുതല്‍ സേനാംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. പ്രാഥമിക ശുശ്രൂഷ, അഗ്‌നിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നേടുക. മാനന്തവാടി തഹസീല്‍ദാരും (ലാന്‍ഡ് റീകാര്‍ഡ്‌സ്) തോണിച്ചാല്‍ ഇടവകാംഗവുമായ അഗസ്റ്റിന്‍ മൂങ്ങാനാനിയില്‍, കൈക്കാരന്‍ ജോയി കട്ടക്കയം എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായ സമിതിയാണ് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.