India - 2025
ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് മോണ്‍. മാത്യു എം. ചാലിലിനും ജോണ്‍ കച്ചിറമറ്റത്തിനും
04-08-2020 - Tuesday
ഇരിട്ടി: സാമൂഹ്യ വികസന രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മോണ്‍. മാത്യു എം. ചാലിലിനും ജോണ്‍ കച്ചിറമറ്റത്തിനും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ്. ദിവംഗതനായ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ 109ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ ഡോ. ജോസ്ലറ്റ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, മാത്യു പ്ലാത്തോട്ടം, പ്രഫ. അക്കാമ്മ ജോര്‍ജ്, ഡോ. ജിന്‍സി മാത്യു എന്നിവര്‍ പങ്കെടുത്തു.
മോണ്‍. മാത്യു എം. ചാലിലിന് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മിഷണറി ആയും വിദ്യാഭ്യാസവിചക്ഷണനായും പത്രമേധാവിയായും സാമൂഹ്യ പ്രവര്‍ത്തകനായും സേവനം ചെയ്ത അപൂര്‍വം വ്യക്തികളിലൊരാളാണ് മോണ്‍. മാത്യു എം. ചാലില്‍. 1963 മുതല്‍ 2018 വരെ 55 വര്‍ഷം തലശേരി അതിരൂപതയില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കരുവഞ്ചാല്‍ വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നു.
ഏഴു പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രശോഭിക്കുന്ന അധ്യാപകനും സാഹിത്യകാരനും ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമാണ് ജോണ്‍ കച്ചിറമറ്റം. രാഷ്ട്രീയസാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വം നല്‍കുകയും കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം എകെസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നാല്‍പ്പതിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 65 ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.