News - 2024

ധനസഹായം നിര്‍ത്തലാക്കലല്ല നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലക്ക് പരിഹാരം: ഓപ്പണ്‍ ഡോഴ്സ്

പ്രവാചക ശബ്ദം 17-08-2020 - Monday

അബൂജ: നൈജീരിയയ്ക്കുള്ള വിദേശ ധനസഹായം നിര്‍ത്തലാക്കുന്നതല്ല രാജ്യത്തു ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിനുള്ള മറുപടിയെന്ന്‍ അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. നൈജീരിയയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയാല്‍ അത് ബാധിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളേയും ക്യാമ്പുകളില്‍ കഴിയുന്ന ഭവനരഹിതരേയും ആയിരിക്കുമെന്ന് ഓപ്പണ്‍ഡോഴ്സിന്റെ അഡ്വോക്കസി ടീമിന്റെ ഉപദേശകനായ സ്റ്റീഫന്‍ റാന്‍ഡ് പറഞ്ഞു. ക്രൈസ്തവ കൂട്ടക്കൊല നൈജീരിയയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് ധനസഹായം നിര്‍ത്തലാക്കണമെന്ന ആഹ്വാനം ആഗോളതലത്തില്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍ഡോഴ്സിന്റെ പ്രതികരണം.

നേരത്തെ ‘സാവന്ത കോംറെസ്’ എന്ന മാര്‍ക്കറ്റിംഗ് റിസർച്ച് കണ്‍ള്‍ട്ടന്‍സി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ക്രൈസ്തവ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ നൈജീരിയക്കുള്ള വിദേശ സഹായം നിര്‍ത്തലാക്കുന്നതിനെ അന്‍പതു ശതമാനവും അനുകൂലിക്കുകയാണ് ചെയ്തിരിന്നത്. 16% മാത്രമാണ് വിയോജിപ്പ്‌ രേഖപ്പെടുത്തിയത്. നൈജീരിയയിലെ ക്രൈസ്തവര്‍ സുരക്ഷിതരാകുന്നത് വരെ അവിടേക്കുള്ള വിദേശ ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന്‍ തന്നെയാണ് ‘കണ്‍സര്‍വേറ്റീവ് വുമണ്‍’ എന്ന വെബ്സൈറ്റിന്റെ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നതും. എന്നാല്‍ ധനസഹായം നിര്‍ത്തലാക്കുന്നതിനു പകരം ഫലപ്രദമായി ചിലവഴിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നാണ് ഓപ്പണ്‍ ഡോഴ്സ് പറയുന്നത്.

ഫുലാനി ഹെര്‍ഡ്സ്മാന്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരുടേയും ബൊക്കോഹറാം തീവ്രവാദികളുടേയും ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1350 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. പകര്‍ച്ചവ്യാധിയ്ക്കിടയിലും നൈജീരിയയിലെ കൂട്ടക്കൊലകള്‍ക്ക് കുറവില്ല. കോഗി സംസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഒരു ആക്രമണത്തില്‍ മാത്രം പതിനാലു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളോടുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ പ്രതികരണം ഫലപ്രദമല്ലെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് ആക്രമണങ്ങളുടെ പിന്നിലെ പ്രധാന കാരണമെന്നും മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുകെ പാര്‍ലമെന്ററി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും, ധനസഹായം നിര്‍ത്തലാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന്‍ സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. 2011നും 2018നുമിടയില്‍ 200 കോടി പൗണ്ടാണ് യു.കെയില്‍ നിന്നും നൈജീരിയയ്ക്കു കൈമാറിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »