News - 2025

കാനഡയില്‍ മോഷണം പോയ സക്രാരി കനാലില്‍ നിന്ന് കണ്ടെടുത്തു

പ്രവാചക ശബ്ദം 11-09-2020 - Friday

ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ കത്തീഡ്രലിൽ നിന്ന് ഈ ആഴ്ചയുടെ ആരംഭത്തില്‍ മോഷണം പോയ സക്രാരി കണ്ടെടുത്തു. കത്തീഡ്രലിനടുത്തുള്ള സെന്‍റേനിയൽ പാർക്കിൽ നിന്നാണ് നഷ്ട്ടപ്പെട്ട സക്രാരി ഇടവകാംഗങ്ങള്‍ കണ്ടെത്തിയത്. സക്രാരി ഭാഗികമായി കനാലിൽ മുങ്ങിയ നിലയിലായിരുന്നു. സക്രാരിയിൽ വിശുദ്ധ കുർബാനയും കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയുടെ ചില ഭാഗങ്ങളും കണ്ടെത്താനായില്ല. വിശുദ്ധ കുർബാന ജലാശയത്തിലെ വെള്ളത്തിൽ അലിഞ്ഞു പോയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിശുദ്ധ കുർബാനക്ക് ശേഷം, ഒരാൾ സക്രാരിയുടെ വാതിലുമായി വൈദികർ താമസിക്കുന്ന സ്ഥലത്തു എത്തി. തെരുവിൽ വച്ച് ഒരാൾ തനിക്കു നൽകിയതാണ് ഇതെന്നും, അയാൾക്ക്‌ അത് സെന്‍റേനിയൽ പാർക്കിനടുത്തു വച്ച് ലഭിച്ചതാണെന്നും അറിയിക്കുകയായിരിന്നു. തുടര്‍ന്നാണ് സക്രാരി കണ്ടെത്തിയത്. സെന്റ് കാതറിൻസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാർഡ് ബെർജി, സക്രാരി തിരിച്ചു തരണമെന്നും, തിരികെ നല്‍കിയാല്‍ വേറെ നടപടികള്‍ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം പൊതു അഭ്യർത്ഥന നടത്തിയിരുന്നു. സക്രാരി ഉരുക്കു കൊണ്ട് നിർമിച്ചതാണെന്നും അതിനു വല്യ പണമൂല്യം ഇല്ലെന്നും ബിഷപ്പ് അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് സക്രാരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സെപ്റ്റംബർ എട്ടിന് പുലർച്ചെ നാലരയോടെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയ പുരുഷനും, സ്ത്രീയും ആണെന്ന് കരുതുന്ന രണ്ട് പേർ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സക്രാരി മോഷ്ടിക്കാൻ മോഷ്ടാക്കൾ നേരത്തേ പദ്ധതിയിട്ടിട്ടുണ്ടാകാമെന്നു കത്തീഡ്രലിന്റെ റെക്ടറായ ഫാ. ഡൊണാൾഡ് ലിസോട്ടി പറഞ്ഞു. വളരെ ആസൂത്രിതമായ മോഷണം ആയതിനാൽ പൊലീസിന് ഇതുവരെ വിരലടയാളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ കത്തീഡ്രലിൽ ഇതിനു മുൻപും മോഷണ ശ്രമം നടന്നിട്ടുണ്ട്. 2019-ൽ രണ്ടു പോസ്റ്റ് വിളക്കുകൾ മോഷ്ടിക്കപ്പെട്ടു. എന്നാൽ പിന്നീട് അവ കണ്ടെത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »