News

ഡെന്‍വെറിലെ ആഫ്രോ അമേരിക്കന്‍ ദേവാലയത്തില്‍ തിരുവോസ്തിയും സക്രാരിയും മോഷ്ടിക്കപ്പെട്ടു: പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍

പ്രവാചകശബ്ദം 03-09-2021 - Friday

ഡെന്‍വേര്‍: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഡെന്‍വെര്‍ അതിരൂപതയിലെ ചരിത്രപ്രാധാന്യമേറിയ ‘ക്യൂര്‍ ഡി’ആര്‍സ്’ ആഫ്രോ അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം. തിരുവോസ്തിയും സക്രാരിയും ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ മരംകൊണ്ടുള്ള വാതില്‍ പൊളിച്ച് സങ്കീര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാവിലെ 8:40-നാണ് മോഷണം നടന്ന വിവരം ഇടവക വികാരിയായ ഫാ. ജോസഫ് കാവോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവാലയത്തിന് പുറത്തുള്ള വാതില്‍ കുത്തിത്തുറന്നിരിക്കുന്നതും, കസേരകള്‍ തലകീഴായി കിടക്കുന്നതും കണ്ട അദ്ദേഹം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് തിരുവോസ്തികള്‍ ചിതറികിടക്കുന്നതും, സക്രാരി മോഷ്ടിക്കപ്പെട്ടിരിക്കുന്നതായും കണ്ടത്.

ദേവാലയത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ ഭൂരിഭാഗത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെങ്കിലും, കര്‍ത്താവിന്റെ ശരീരമായ തിരുവോസ്തിയെ കുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും, തിരുവോസ്തി തിരികെ ലഭിക്കുവാനാണ്‌ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഫാ. കാവോ പറഞ്ഞു. ഇടവക സമൂഹത്തിനു തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നു കഴിഞ്ഞ 34 വര്‍ഷങ്ങളായി ദേവാലയത്തിലെ ഡീക്കനായിരിക്കുന്ന ക്ലാരെന്‍സ് മക്ഡേവിഡ് ‘സി.എന്‍.എ’യോട് പറഞ്ഞു. മോഷ്ടാക്കളുടെ മാനസാന്തരത്തിനായി സെപ്റ്റംബര്‍ 1ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. കാവോ, ഡീക്കനോടൊപ്പം ദേവാലയം വിശുദ്ധ ജലം തളിച്ച് ശുദ്ധീകരണം നടത്തി.

1952-ലാണ് ഇടവക വൈദികരുടെ മധ്യസ്ഥ വിശുദ്ധനായ ജോണ്‍ വിയാന്നിയുടെ നാമധേയത്തിലുള്ള ‘ക്യൂര്‍ ഡി’ആര്‍സ്’ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. 1970 ആയപ്പോഴേക്കും ഏതാണ്ട് ഇരുന്നൂറോളം കറുത്തവര്‍ഗ്ഗക്കാരായ കത്തോലിക്ക കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമായി ഈ ദേവാലയം മാറി. 1978-ല്‍ ഫാ. റോബര്‍ട്ട് കിന്‍കെല്ലാണ് ഇപ്പോഴത്തെ ദേവാലയ കെട്ടിടത്തിന്റെ സമര്‍പ്പണകര്‍മ്മം നിര്‍വഹിച്ചത്. ഡെന്‍വേര്‍ അതിരൂപതയിലെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ഡീക്കനായ ചാര്‍ളി ബ്രൈറ്റ് ഈ ദേവാലയത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. അതേസമയം തിരുവോസ്തി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »