Life In Christ

പൊതു സ്ഥലങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍

പ്രവാചക ശബ്ദം 26-09-2020 - Saturday

ടെക്സാസ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് പൊതു സ്ഥലങ്ങളില്‍ പ്രഘോഷിക്കുവാനും ക്രൈസ്തവരെന്ന നിലയില്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍. ടെക്സാസിലെ പ്ലാനോയിലുള്ള പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ച് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. അടിസ്ഥാനപരമായി നാം അമേരിക്കക്കാർ പ്രാർത്ഥിക്കുന്നവരാണെന്നും പ്രാർത്ഥനയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും മറ്റുള്ളവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ അത് തന്റെ ജീവിതത്തിൽ അനുഭവിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഷ്ണറിമാരുടെ സേവനങ്ങളെക്കുറിച്ചും, അവരുടെ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മൈക്ക് പോംപിയോ തന്റെ സന്ദേശത്തില്‍ പരാമര്‍ശം നടത്തി. "മിഷ്ണറിമാരെ നിങ്ങൾ പിന്തുണക്കണം, അത് നിങ്ങളുടെ സ്വന്തം പള്ളിയിൽ നിന്നാണേലും, പുറത്തു നിന്നാണേലും. അവർ വളരെയധികം ശ്രദ്ധേയമായ ശുശ്രൂഷകള്‍ ചെയ്യുന്നു. ഞാൻ ലോകമെമ്പാടും സഞ്ചരിക്കുമ്പോൾ അത് കാണുന്നുണ്ട്. ലോകത്തിലെ പല ഇരുണ്ട കോണുകളിലേക്കും അവർ വെളിച്ചം കൊണ്ടുവരുന്നു. നിങ്ങൾക്കും അത് ചെയ്യാൻ കഴിയും. നിങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം അത് പള്ളിയിലായാലും, ബൈബിൾ പഠനത്തിലായാലും, ജോലിസ്ഥലത്തായാലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുക. നിങ്ങളുടെ വിശ്വാസം എന്താണെന്നു തുറന്നു കാണിക്കാൻ മടിക്കരുത്". മൈക്ക് പറഞ്ഞു.

മതസ്വാതന്ത്ര്യത്തെക്കുറിച്ചും, വിശ്വാസം തുറന്നു പ്രകടിപ്പിക്കാനുള്ള അമേരിക്കക്കാരുടെ അവകാശത്തെക്കുറിച്ചും ശക്തമായ ഭാഷയിൽ ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്ക പോലുള്ള ഒരു സ്വതന്ത്ര രാജ്യത്തിൽ വിശ്വാസവും അവകാശങ്ങളും മൂടിവെക്കുകയാണെങ്കിൽ, വിശ്വാസം സംരക്ഷിക്കാൻ കഷ്ട്ടപ്പെടുന്ന മറ്റു സ്ഥലങ്ങളിലെ ജനങ്ങൾക്ക് നിങ്ങൾ നൽകുന്ന തെറ്റായ സന്ദേശമായിരിക്കും അതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോൾ ലോകം നമ്മെയാണ് ഉറ്റു നോക്കുന്നത്. വിമർശിക്കാനും, വേണ്ടെന്നു പറയാനും ഒരുപാടു പേർ കാണും. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചാൽ അത് ശരിയായില്ലെന്ന് പറയാൻ ആളുകളുണ്ടാകും. എന്നാൽ നിങ്ങൾ നിരുത്സാഹപ്പെടരുത്,കാരണം നിങ്ങള്‍ക്ക് ലഭിച്ച ബോധ്യമാണ് നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്. അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെയും നിരവധി തവണ തള്ളിക്കളഞ്ഞ അദ്ദേഹം യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നും പ്രസ്താവിച്ചിരിന്നു. സ്ഥാനമൊഴിഞ്ഞ റെക്സ് ടില്ലേഴ്സണിന് പിന്‍ഗാമിയായി 2018 മാർച്ച് 13നാണ് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, പോംപിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തത്. ഇത് സെനറ്റ് വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 48