News - 2025
ഇന്തോനേഷ്യയിലെ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത അവഗണന: വെളിപ്പെടുത്തൽ മനുഷ്യാവകാശ കമ്മീഷന്റേത്
പ്രവാചക ശബ്ദം 07-11-2020 - Saturday
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമെന്ന് കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 23 ന്യൂനപക്ഷ ആരാധനാലയങ്ങൾ എങ്കിലും നശിപ്പിക്കപ്പെടുകയോ, അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത നിരവധി അതിക്രമങ്ങളും ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് കോംനാസ് ഹാമിന്റെ അധ്യക്ഷൻ അഹമ്മദ് തൗഫൻ പറഞ്ഞു. 21 കേസുകൾ മാത്രമേ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കമ്മീഷനു പരാതിയായി ലഭിച്ചിട്ടുള്ളൂ.
എന്നാല്‍ അതിലും പതിമടങ്ങ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയില്‍ കൂടുതല്‍ അതിക്രമങ്ങളും ഉണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനമായ ജക്കാർത്തയിലും, സമീപപ്രദേശങ്ങളിലുമാണ്. 2017ൽ ജക്കാർത്തയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന അഹമ്മദിയ മോസ്ക് അടച്ചുപൂട്ടിയ സംഭവം ഉദാഹരണമായി അഹമ്മദ് തൗഫൻ ചൂണ്ടിക്കാട്ടി. 2019-ല്‍ ഒരു പെന്തക്കോസ്ത് ദേവാലയത്തിന് അനുവാദം നൽകാൻ സാധിക്കില്ലെന്ന് യോഗ്യകർത്തയിലെ പ്രാദേശിക സർക്കാര്‍ വിധിച്ചിരിന്നു.
മതസൗഹാർദ്ദത്തെ സംബന്ധിച്ചും ആരാധനാലയങ്ങളെ സംബന്ധിച്ചും 2006ൽ ആഭ്യന്തര മന്ത്രാലയവും, മതകാര്യങ്ങൾക്കു വേണ്ടിയുള്ള മന്ത്രാലയവും ഇറക്കിയ ഉത്തരവാണ് ഇങ്ങനെയുള്ള വിവേചനങ്ങൾക്ക് കാരണമാകുന്നതെന്ന് അഹമ്മദ് തൗഫൻ ആരോപണമുന്നയിച്ചു. 2006ലെ ഉത്തരവിൽ മാറ്റം വരുത്താനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മത നിയമങ്ങൾക്ക് വിരുദ്ധമായി നിരവധി അതിക്രമങ്ങൾ രാജ്യത്ത് നടന്നതിനാൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ തങ്ങളുടെ 2020ലെ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക