News - 2025

തുർക്കിയുടെ ഇടപെടല്‍ ചെറുക്കാന്‍ യുഎസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ച് ക്രിസ്ത്യൻ നേതാക്കള്‍

പ്രവാചക ശബ്ദം 17-11-2020 - Tuesday

കാലിഫോര്‍ണിയ: അർമേനിയ അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തുർക്കിയുടെ ഇടപെടല്‍ ചെറുക്കാന്‍ യു.എസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ച് ക്രിസ്ത്യൻ നേതാക്കളുടെ കൂട്ടായ്മ. ‘ഫിലോസ് പ്രോജക്ട്’ എന്ന കൂട്ടായ്മയുടെ കീഴിലുള്ള നാല്‍പ്പതിൽപ്പരം ക്രിസ്ത്യൻ നേതാക്കൾ ഒപ്പ് രേഖപ്പെടുത്തിയ തുറന്ന കത്താണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ആക്രമണാത്മക വിദേശനയമാണ് തുർക്കി നിലവിൽ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച നേതാക്കള്‍ നാഗാര്‍ണോ കരാബാക് മേഖലയ്ക്കു എതിരായ തുർക്കിയുടെയും അസർബൈജാന്റെയും ആക്രമണങ്ങളെ അമേരിക്ക അപലപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിപുരാതന ക്രിസ്ത്യൻ രാഷ്ട്രമായ അർമേനിയയെ തുർക്കി സേനയുടെ പിന്തുണയോടെ സിറിയയിൽനിന്നും ലിബിയയിൽനിന്നും എത്തിക്കുന്ന ഇസ്ലാമിക പോരാളികളുടെ ബലത്തിൽ അസർബൈജാൻ അർമേനിയയെ അക്രമിക്കുകയാണെന്ന്‍ ഫിലോസ് പ്രൊജക്ട് പ്രസിഡന്റ് റോബർട്ട് നിക്കോൾസൺ ആരോപിച്ചു. 1894നും 1924നും ഇടയിൽ ഓട്ടോമൻ സാമ്രാജ്യം 15 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നുവെന്നും ഒരു നൂറ്റാണ്ടു മുന്‍പ് നടന്ന ഈ വംശഹത്യയെ ലോകം കണ്ടില്ലെന്ന് നടിച്ചുവെന്നും എന്നാൽ ഇത്തവണയും അത് അവഗണിക്കുന്നത് ദാരുണമായ തെറ്റാണെന്നും റോബർട്ട് നിക്കോൾസൺ ചൂണ്ടിക്കാട്ടി. അർമേനിയയിലെയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ സഹായങ്ങൾ അയയ്ക്കണമെന്നും പ്രശ്നം പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും യു.എസ് സർക്കാരിനോട് ക്രിസ്തീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 600