India - 2025
ക്രൈസ്തവ ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കണം: സെക്രട്ടേറിയറ്റ് മാര്‍ച്ചും മുന്നറിയിപ്പുമായി വൈദികര്‍
പ്രവാചക ശബ്ദം 19-11-2020 - Thursday
തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ കേരള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സഭകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ മീറ്റിങ്ങും നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉളള ജില്ലകളിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി.എസ്. ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭയിലെ വൈദീകർ പ്രതിഷേധ ധര്‍ണ്ണയില്‍ സംബന്ധിച്ചു.
കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷനായ മീറ്റിങ്ങിൽ ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. എ. ആർ നോബിള്‍, ഫാ. ജോസ്, റവ. പവിത്ര സിങ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഈ വിവേചനങ്ങൾക്ക് മാറ്റം വരുത്തിയില്ലായെങ്കില്‍ 2021 ജനുവരി മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സത്യഗ്രഹം നടത്തുവാനും കെസിസി തീരുമാനമെടുത്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിന് മാത്രം ഗവണ്മെന്റ് കൊടുക്കുന്ന നീതി നിഷേധമായ രീതികൾക്ക് പരിഹാരം ഉണ്ടാക്കണം.
ഗവണ്മെന്റ് ഇലക്ഷന്‍ പത്രികയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ അവകാശം ഈ നാലര വര്‍ഷം ആയിട്ട് ലഭിക്കാത്തതു പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയാണ്. ഇതിന് വ്യത്യാസം വരുത്തിയില്ലായെങ്കിൽ ഗവണ്മെന്റ് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഭരിച്ച രണ്ട് സർക്കാരുകളും ക്രൈസ്തവ സമൂഹത്തോട് അനീതിയാണ് കാണിച്ചത് എന്നും കെ. സി. സി വിലയിരുത്തി. ക്രൈസ്തവ സഭകളിലെ വിശ്വാസികളും സഭാ നേതൃത്വങ്ങളും ഒരുപോലെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഒറ്റക്കെട്ടായിട്ട് നിൽക്കണം എന്നും കെ. സി. സി ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക