India - 2025
കന്യാസ്ത്രീകളെ അവഹേളിച്ച സാമുവല്‍ കൂടലിനെതിരെ ഒരു മാസത്തിനകം നടപടി വേണം: ഹൈക്കോടതി
പ്രവാചക ശബ്ദം 18-11-2020 - Wednesday
കൊച്ചി: കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോയ്ക്കെതിരേ നല്‍കിയ പരാതികളില്‍ ഒരുമാസത്തിനകം നിയമപരമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന വനിതാ കമ്മീഷന്‍, ഐടി സെക്രട്ടറി, എറണാകുളം റൂറല്‍ എസ്പി എന്നിവരോടു നിര്‍ദേശിച്ചു. എന്തു നടപടിയാണു സ്വീകരിച്ചതെന്നു ഹര്‍ജിക്കാരിയെ അറിയിക്കാനും ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവില്‍ പറയുന്നു. ആലുവ സ്വദേശിനിയും സിഎംസി മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റിന്റെ പബ്ലിക് റിലേഷന്‍സ്‍ ഓഫീസറുമായ സിസ്റ്റര്‍ മരിയ ആന്റോ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
സാമുവല്‍ കൂടല്‍ എന്ന വ്യക്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതു ആണെന്നാരോപിച്ചു പരാതി നല്‍കിയിട്ടും നിയമപരമായ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആക്ഷേപം. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തിനാകെയും സ്ത്രീകള്‍ക്കുമെതിരേയുള്ളതാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിലുള്ള കടന്നുകയറ്റമാണ് വിഡിയോയിലുള്ളതെന്നും വ്യക്തമാക്കിയിരുന്നു. സാമുവല്‍ കൂടലിനെതിരേ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. 139 പരാതികളാണ് ഇയാള്‍ക്കെതിരേ വനിതാ കമ്മീഷന് ലഭിച്ചത്. ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗീകമായി അധിക്ഷേപിച്ചെന്നാണ് പരാതി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക