News

"ഞങ്ങളുടെ ജീവന്‍ അപകടത്തില്‍": പീഡിത ക്രൈസ്തവര്‍ക്കായുള്ള ദിനത്തില്‍ വേദനയോടെ മരിയ ഷഹ്ബാസ്

പ്രവാചക ശബ്ദം 26-11-2020 - Thursday

ലണ്ടന്‍: പീഡിത ക്രൈസ്തവരെ പ്രത്യേകം സ്മരിച്ച ഇന്നലെ റെഡ് വെനസ്ഡേ അഥവാ ചുവപ്പ് ബുധന്‍ ദിനത്തില്‍ അനുഭവം പങ്കുവെച്ച് പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസ്. യു.കെ പാർലമെന്ററി കമ്മിറ്റിയുടെ സഹായത്തിൽ എ.സി.എൻ സംഘടിപ്പിച്ച “Set Your Captives Free” എന്ന സെമിനാറിലാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് സന്ദേശം നല്‍കിയത്. "ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍" എന്ന സങ്കീര്‍ത്തന വചനത്തോടെയാണ് മരിയ സന്ദേശം ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്നും തങ്ങൾക്ക് കൊലപാതക ഭീഷണികൾ നിരന്തരം ലഭിക്കുന്നുവെന്നും വളരെ ഭയചകിതരും സുരക്ഷയെക്കുറിച്ച് ആകുലരുമാണെന്നും മരിയ പറഞ്ഞു.

മരിയ പറഞ്ഞത് താഴെ നല്‍കുന്നു: (മലയാള പരിഭാഷ- ഫാ. ബിബിന്‍ മഠത്തില്‍) ‍

എന്റെ പേരു മൈറ എന്നാണ്. ഞാൻ നിങ്ങളുമായി വിശുദ്ധ ബൈബിളിൽ നിന്നുള്ള ഒരു ഭാഗം പങ്കുവക്കാം. സങ്കീർത്തനം 82:3-4- “ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.” ദൈവവചനത്തിന്റെ അനുഗ്രഹം നമ്മോളോടെല്ലാവരോടുമൊപ്പം ഉണ്ടാവട്ടെ. ആമേൻ.

എന്റെ പേരു മെയ്‌റ എന്നാണ്. ആറു മാസം മുമ്പ് എന്നെ ചിലർ തട്ടിക്കൊണ്ടു പോയി. അവർ എന്നെ ബലമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി. എന്നിട്ട് എന്റെ ഇഷ്ടത്തിനെതിരായി അവർ എന്റെ കല്യാണവും നടത്തി. എന്നെ ബ്ലാക്ക്മെയിൽ നടത്തി പീഡിപ്പിക്കുകയും വളരെ മോശമായി ദുരുപയോഗിക്കുകയും ചെയ്തു. എന്നെ പേടിപ്പിച്ചു എന്നെ ഒരു മുറിയിൽ അടച്ചിട്ടു. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്നെയും എന്റെ കുടുംബത്തിനെയും കൊല്ലുമെന്ന് അവരെന്നെ ഭീഷണിപ്പെടുത്തി.

വീഡിയോ (22:06 മുതല്‍) ‍

എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ രക്ഷിക്കുകയും ചെയ്ത ബിഷപ്പ് ഇഫ്ത്തിക്കർ ഇന്ത്രയാസിനും സഭക്കും ഞാൻ നന്ദി പറയുന്നു. അന്തർദേശീയ സഭയോടും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയോടും അവരുടെ പ്രാർത്ഥനകൾക്ക് ഞാൻ നന്ദി പറയുന്നു. പാക്കിസ്ഥാനിൽ എന്റെയും എന്റെ ഫാമിലിയുടെയും ജീവൻ അപകടത്തിലാണ്. ഞങ്ങൾക്ക് കൊലപാതകഭീഷണികൾ നിരന്തരം ലഭിക്കുന്നു. ഞങ്ങൾക്ക് വളരെ ഭയചകിതരും ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലരുമാണ്. ഞാൻ ഇനി ഈ സമയത്ത് ദുരിതമനുഭവിക്കുന്ന ഫറ ഷഹീനും ഹുമ യൂനസിനും ആർസൂ രാജക്കും വേണ്ടി പ്രാർത്ഥിക്കാം.

സ്വർഗസ്ഥനായ പിതാവേ, എല്ലാ നന്മകളുടെയും ഉറവിടമേ, ഞാൻ നിന്നെ സ്തുതിക്കുന്നു. അവിടുന്ന് എന്നേക്കും ജീവിക്കുന്നവനാകുന്നു. നീ കാരുണ്യവാനും അനന്തമായി സ്നേഹിക്കുന്നവനുമാകുന്നു. അവിടുത്തെ വിശ്വസ്ഥത എല്ലാ തലമുറകളിലും നിലനിൽക്കുന്നു. കർത്താവേ, ഞാൻ ക്രൈസ്തവ സമുദായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളെ നിന്റെ കരങ്ങളുടെ കീഴിൽ കാത്തുകൊള്ളണമേ. കർത്താവേ, നിന്റെ ജനതയെ എല്ലായിടത്തും എപ്പോഴും അനുഗ്രഹിക്കണമേ. സ്വർഗസ്ഥനായ പിതാവേ, ക്രൈസ്തവ സമുദായത്തിലെ എല്ലാ മൈനർ പെൺകുട്ടികളേയും കാത്തുകൊള്ളണമേ. അവരെ അവിടുത്തെ കരുണയുള്ള കരങ്ങളാൽ സംരക്ഷിക്കണമേ.

അവിടുത്തെ ചിറകിനടിയിൽ ഒളിപ്പിക്കണമേ. കർത്താവേ, ഞാൻ ഹുമാ യൂനസിനും ആർസൂ രാജക്കും ഫറ ഷഹീനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവേ അവരിപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും അവരെ രക്ഷിക്കണമേ. ചങ്ങലകളെ പൊട്ടിക്കണമേ. ദുഷ്ടരിൽ നിന്നും അവരെ രക്ഷിക്കണമേ. അവിടുത്തെ വചനത്തിന്റെ ശക്തി ഞങ്ങളോടൊപ്പം ഉണ്ടാകണമേ. ബിഷപ്പ് ഇഫ്തികാറിനും ടീമിനും സഭക്കും വേണ്ടി കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, അങ്ങയുടെ ഈ മൂന്നു പെണ്മക്കളുടെ കുടുംബങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവരെ ശക്തിയും ബലവും നൽകി അനുഗ്രഹിക്കണമേ. ഈ വരങ്ങളെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. ആമേൻ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 603