News - 2025

മൂന്നാഴ്ചയ്ക്കു ശേഷവും നീതിയില്ല: സ്‌ട്രോയും ശൈത്യകാല വസ്ത്രവും അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി മാറ്റി

ദീപിക 27-11-2020 - Friday

മുംബൈ: ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും ശൈത്യകാല വസ്ത്രങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ തലോജ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹര്‍ജി ഡിസംബര്‍ നാലിലേക്കു മാറ്റി. പാര്‍ക്കിന്‍സണ്‍സ് രോഗിയെന്ന നിലയിലാണ് അദ്ദേഹം സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുശേഷമാണ് എന്‍ഐഎ മറുപടി നല്‍കിയത്. എന്‍ഐഎഅറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി പുനെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവ എടുത്തിട്ടില്ലെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.

ഇതോടെ ഫാ. സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുനെയിലെ പ്രത്യേക കോടതി തള്ളി. തുടര്‍ന്നാണ് ജയിലില്‍ സ്‌ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗംമൂലമുള്ള വിറയലും പേശികളുടെ സങ്കോചവും കാരണം ഗ്ലാസ് ഉപയോഗിച്ച് പാനീയങ്ങള്‍ കുടിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നുമാണ് ഫാ. സ്റ്റാന്‍ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More Archives >>

Page 1 of 603