Arts - 2024

തിരുപ്പിറവിയുടെ ഏറ്റവും പുരാതന ശില്പങ്ങൾ റോമില്‍ പ്രദർശനത്തിന്

പ്രവാചക ശബ്ദം 24-12-2020 - Thursday

റോം: ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ളതിൽവെച് തിരുപ്പിറവിയുടെ ശില്പങ്ങൾ റോമിലെ ചരിത്ര പ്രസിദ്ധ ദേവാലയങ്ങളിലൊന്നായ സെന്റ് മേരി മേജറിൽ പ്രദർശനത്തിന് വച്ചു. ബസിലിക്കയുടെ സിസ്റ്റൈൻ ചാപ്പലിൽ ഡിസംബർ 22 മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. പ്രശസ്ത ശില്പിയായിരുന്ന അർണോൾഫോ ഡി ഗാംബിയോയാണ് പതിമൂന്നാം നൂറ്റാണ്ടിൽ തിരുപ്പിറവി ശില്പങ്ങൾ പണിതത്. ഇവ മേരി മേജർ ബസിലിക്കയുടെ താഴെയുള്ള ചാപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1292ൽ മാർപാപ്പയായിരുന്ന നിക്കോളാസ് നാലാമനാണ് ശില്പങ്ങൾ കൂദാശ ചെയ്തത്. ഫ്രാൻസിസ്കൻ സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ നിക്കോളസിന് 1223ൽ തന്റെ സഭയുടെ സ്ഥാപകനായ ഫ്രാൻസിസ് അസീസ്സി ഇറ്റാലിയിൽ സൃഷ്ടിച്ച ജീവിക്കുന്ന പുൽക്കൂടാണ് പ്രചോദനമായത്.

നിക്കോളാസ് മാർപാപ്പ എത്ര ശില്പങ്ങൾ കൂദാശ ചെയ്തുവെന്ന് വ്യക്തമല്ലെങ്കിലും, യൗസേപ്പിതാവിന്റെയും, മൂന്നു രാജാക്കന്മാരുടെയുമടക്കമുളള ശില്പങ്ങൾ കൂദാശ ചെയ്യപ്പെട്ട ശില്പങ്ങളുടെ ഭാഗമായിരുന്നുവെന്ന് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ചരിത്രകാരനുമായ സാന്തി ഗൈഡോ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിനോട് പറഞ്ഞു. 1517ൽ വിശുദ്ധ കജേറ്റന്, ശില്പങ്ങൾ സൂക്ഷിച്ചിരുന്ന ചാപ്പലിൽവെച്ചാണ് ഉണ്ണിയേശുവിന്റെ ദർശനം ഉണ്ടായത്. കൂടാതെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തന്റെ ആദ്യത്തെ വിശുദ്ധകുർബാന 1538ൽ അർപ്പിച്ചതും ഈ ചാപ്പലിൽ വച്ചാണ്. പതിനാറാം നൂറ്റാണ്ടിൽ ഈ ശില്പങ്ങളിൽ ഏതാനും മിനുക്കുപണികൾ നടന്നിരുന്നു.

ശിൽപങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് തന്നെ തിരുപ്പിറവിയുടെ ചിത്രങ്ങൾ നിരവധി കത്തീഡ്രൽ ദേവാലയങ്ങളിലും, മറ്റും കാണപ്പെട്ടിരുന്നുവെങ്കിലും, ഫ്രാൻസിസ് അസീസിയുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ശില്പത്തിന്റെ രൂപത്തിലുള്ള തിരുപ്പിറവിയുടെ സൃഷ്ടികളിൽ ഏറ്റവും പുരാതനമായത് ഇതുതന്നെയാണെന്നും സാന്തി ഗൈഡോ വിശദീകരിച്ചു. ഏഴാം നൂറ്റാണ്ടിൽ ജെറുസലേം പാത്രിയാർക്കീസ് തിയഡോർ ഒന്നാമൻ മാർപാപ്പയ്ക്ക് കൊടുത്തുവിട്ട ക്രിസ്തു ജനിച്ച വീണ പുൽക്കൂടിന്റെ ഒരു ഭാഗം മേരി മേജർ ബസലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ബസലിക്ക പാശ്ചാത്യ ദേശത്തെ ബത്‌ലഹേം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.


Related Articles »