Arts - 2025
സൗരോര്‍ജ്ജ ബള്‍ബുകള്‍ കൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ ജപമാല ഫിലിപ്പീന്‍സില്‍
പ്രവാചക ശബ്ദം 05-01-2021 - Tuesday
മനില: ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സൗരോര്‍ജ്ജ ബള്‍ബുകള്‍ കൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ തെളിയുന്ന ജപമാല ലുണേറ്റാ പാര്‍ക്കില്‍ സ്ഥാപിച്ചു. “ലോകത്തിനു വേണ്ടി സൗഖ്യദായക ജപമാല” എന്ന പരിപാടിയോടനുബന്ധിച്ച് നാഷണല്‍ മ്യൂസിയത്തിന്റെ കീഴിലുള്ള പാര്‍ക്കിന്റെ ഭാഗമായ അഗ്രിഫിനാ സര്‍ക്കിളിലാണ് ജപമാല സ്ഥപിച്ചിരിക്കുന്നത്. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഈ ജപമാലയാണെന്ന് ‘ലൈറ്റര്‍ ഓഫ് ലൈറ്റ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ ഇല്ലിയാക്ക് ഡിയാസ് പറഞ്ഞു.
400 സെലിബ്രിറ്റികളും, 2,600-ഓളം സന്നദ്ധ പ്രവര്‍ത്തകരും ഒരുമിച്ച് 3,000 സോളാര്‍ ബള്‍ബുകള്‍കൊണ്ടാണ് ജപമാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബക്കറ്റ് ചലഞ്ച് സമാനമായ ചലഞ്ചിലൂടെ മുന്നോട്ട് വന്ന 3,000 പേര്‍ സ്വന്തം ഭവനത്തിലിരുന്നാണ് ജപമാലക്ക് വേണ്ട 3000 സോളാര്‍ ബള്‍ബുകള്‍ നിര്‍മ്മിക്കുകയായിരിന്നു. ഫിലിപ്പീനോ രാഷ്ട്രത്തിന്റേതായ ഏകീകൃത അടയാളങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ആഘോഷത്തിന്റെ മുഖ്യ ലക്ഷ്യമെന്നും, ആഘോഷത്തിന്റെ ഭാഗമായി സ്പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള കപ്പലുകള്‍ ഏപ്രില്‍ 27-ന് മനിലയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പീന്‍സിന്റെ ഒരു ഭീമാകാരമായ ഭൂപടത്തിലാണ് 500 മീറ്റര്‍ നീളമുള്ള ജപമാല. രാജ്യത്തു ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ച സ്പാനിഷ് സഞ്ചാരികള്‍ കാലുകുത്തിയ സെബു ഭാഗത്തായിട്ടാണ് ജപമാലയുടെ കുരിശ് നിര്‍മ്മിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ മുന്നോടിയായി നാളെ ജനുവരി 6ന് നടക്കുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ സഭാനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജപമാലയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തോടനുബന്ധിച്ച് കരിമരുന്ന്‍ പ്രയോഗത്തിനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്. ലോകമെമ്പാടമായി ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനോകള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ആഘോഷം. “ദാനമായി കിട്ടിയത് ദാനമായി നല്‍കുവിന്‍” എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ വാക്യമാണ് ആഘോഷത്തിന്റെ മുഖ്യ പ്രമേയം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക