Arts - 2025
വര്‍ഷം 21 ആയി, ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം; മലയാളി പാടിക്കൊണ്ടിരിക്കുന്നു
ജോണ്‍സണ്‍ വേങ്ങത്തടം/ ദീപിക 11-01-2021 - Monday
കൊച്ചി: ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ജാതിമത ഭേദമെന്യേ ലോകമലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഈ ഗാനം പിറന്നിട്ടു 21 വര്‍ഷം.മലയാള ക്രിസ്തീയ ഗാനങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ ഏക്കാലത്തെയും ഹിറ്റ് ഗാനം. 2000 ജനുവരി 10നാണ് ഈ ഗാനം റിക്കാര്‍ഡ് ചെയ്തത്. ക്രിസ്തീയ ഭക്തിഗാനരംഗത്തേക്കു ഒരു ടീമിനെ തന്നെ സൃഷ്ടിക്കുന്നതില്‍ നിമിത്തമായ ഗാനമാണിത്. കേരള ക്രൈസ്തവ ഭക്തിഗാന ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ടു വ്യക്തികളുടെ പങ്കുചേരലിനും ഈ ഗാനം ഇടയാക്കി.
ബേബി ജോണ്‍ കലയന്താനി എന്ന ഗാനരചയിതാവും പീറ്റര്‍ ചേരാനല്ലൂര്‍ എന്ന സംഗീത സംവിധായകനും ചേര്‍ന്നു ഇതിനു പിന്നാലെ 500 ഓളം ക്രിസ്തീയ ഭക്തിഗാനങ്ങളാണ് ഒരുക്കിയത്. ഇന്നും പുതുമ നഷ്ടപ്പെടാതെ മലയാളികള്‍ ഏറ്റുപാടുന്നുവെന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. കെ.ജി.മാര്‍ക്കോസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലിറക്കിയ ജീസസ് എന്ന ആല്‍ബത്തില്‍ 12 ഗാനങ്ങളുണ്ട്.
കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം ദേവാലയത്തിലിരുന്നാണ് ഈ ഗാനം രചിച്ചത്. എറണാകുളത്തെ പ്രശസ്ത മ്യൂസിക് കമ്പനിയായിരുന്ന മാഗ്നാസൗണ്ട് മാനേജര്‍ കെ.പി. സുധാകരന് ഒരു ക്രിസ്തീയ ഭക്തിഗാന ആല്‍ബം ചെയ്യാന്‍ ആഗ്രഹമുണ്ടായി. അങ്ങനെയാണ് പീറ്റര്‍ ചേരാനല്ലൂരിനെ പരിചയപ്പെടുന്നത്. നല്ല ഒരു ക്രീസ്തീയ ഭക്തിഗാനസമാഹരം പുറത്തിറക്കണമെന്ന് സുധാകരന്‍ പീറ്ററിനോട് ആവശ്യപ്പെടുന്നു. പ്രസ്തുത ആവശ്യത്തിലേക്ക് പുതുമ നിറഞ്ഞതും ശക്തവും ആത്മീയ സന്ദേശമുള്ളതുമായ ഗാനങ്ങള്‍ കുറിക്കുന്ന രചയിതാക്കളുണ്ടോ എന്നു പീറ്റര്‍ അന്വേഷിച്ചു നടക്കുന്ന കാലം.
അങ്ങനെയിരിക്കെ അക്കാലത്ത് അനേക ഹൃദയങ്ങളെ സ്പര്‍ശിച്ച തിരുവചനനിറവായ ഒരു ഗാനം പീറ്റര്‍ ശ്രദ്ധിക്കാനിടയായി. ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം, ഞാന്‍ നിന്നെ രക്ഷിച്ച ദൈവം... ഈ ഗാനത്തിന്റെ രചയിതാവ് തൊടുപുഴ സ്വദേശിയായ ബേബി ജോണ്‍ കലയന്താനിയെ മുത്തോലപുരം പള്ളിയിലെ ഒരു ബൈബിള്‍ കണ്‍വന്‍ഷനില്‍ വച്ചു പരിചയപ്പെടുന്നു. ഇരുവരും മുത്തോലപുരം പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം തീരുമാനിക്കുന്നു, ഒന്നിച്ചു പോകാന്‍. ഗാനരചനയിലേക്കു ബേബിയും കടന്നു. ഓര്‍ഗനില്‍ ചില ട്യൂണുകള്‍ പീറ്റര്‍ വായിച്ചു. അതിനോട് ചേര്‍ത്ത് ബേബി വരികളൊരുക്കി. ലോകമലയാളികള്‍ നെഞ്ചിലേറ്റിയ ആ ഗാനം പിറക്കുകയായിരുന്നു.