News - 2025
ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
പ്രവാചക ശബ്ദം 19-01-2021 - Tuesday
റോം: “എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും” (യോഹ. 15: 5-9) എന്ന യേശുവിന്‍റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുള്ള ആഗോള ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാവാരത്തിനു ഇന്നലെ ആരംഭമായി. ജനുവരി 25നാണ് പ്രാര്‍ത്ഥനാവാരം അവസാനിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുകയെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ (ഡബ്യു.സി.സി), ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് എട്ട് ദിവസത്തെ പ്രാര്‍ത്ഥനാവാരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, വിചിന്തനങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
അഞ്ചു ഭൂഖണ്ഡങ്ങളിലേയും ക്രിസ്ത്യന്‍ സഭകളേയും സമുദായങ്ങളേയും, പാരമ്പര്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാരം സംഘടിപ്പിക്കുന്നത്. 1908-ല്‍ ആംഗ്ലിക്കന്‍ വൈദികനായ ഫാ. പോള്‍ വാട്സണാണ് പ്രാര്‍ത്ഥനാവാരത്തിന്റെ തിയതികള്‍ നിര്‍ദ്ദേശിച്ചത്. സാധാരണഗതിയില്‍ വിശുദ്ധ പത്രോസിന്റെ തിരുനാള്‍ ദിനമായ ജനുവരി 18ന് ആരംഭം കുറിച്ച് വിശുദ്ധ പൗലോസിന്റെ തിരുനാള്‍ ദിനമായ ജനുവരി 25-നാണ് പ്രാര്‍ത്ഥന വാരം അവസാനിക്കാറുള്ളത്. സ്വിറ്റ്സര്‍ലണ്ടിലെ ഗ്രാന്‍ഡ്‌ചാംപിലുള്ള കന്യാസ്ത്രീകളാണ് ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാവാരത്തിന് വേണ്ട പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും മറ്റ് കാര്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
പ്രാര്‍ത്ഥന, അനുരജ്ഞനം, ഐക്യം എന്നിവയെക്കുറിച്ച് പറയുന്ന യേശുവിന്റെ മുന്തിരിച്ചെടിയുടേയും, ശാഖകളുടേയും ഉപമയെക്കുറിച്ച് വിവരിക്കുന്ന വിശുദ്ധ യോഹന്നാന്റെ (15:1-17) സുവിശേഷ ഭാഗത്ത് നിന്നുമാണ് പ്രാര്‍ത്ഥനാവാരത്തിന്റെ മുഖ്യ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാര്‍ത്ഥനാ വാരത്തിന്റെ അവസാന ദിവസമായ ജനുവരി 25ലെ പ്രാര്‍ത്ഥനയില്‍ മറ്റ് സഭാ നേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക