News - 2025

ഏഴു പതിറ്റാണ്ട് ഭാരതത്തിന് സേവന മാതൃക നല്‍കിയ ഇറ്റാലിയന്‍ കന്യാസ്ത്രീ മദര്‍ ജിയോവന്ന വിടവാങ്ങി

പ്രവാചക ശബ്ദം 19-01-2021 - Tuesday

മുംബൈ: ഇരുപത്തിരണ്ടു ബെഡ് മാത്രമുണ്ടായിരുന്ന മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയെ ഇന്ന് കാണുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും, മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്രവുമാക്കി മാറ്റിയ ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനിയും ഇറ്റാലിയന്‍ സ്വദേശിനിയുമായ മദര്‍ ജിയോവന്നാ സവേരിയ അല്‍ബെറോണി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ജനുവരി 18ന് ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പാണ് മദറിനെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാളായിരുന്ന മദര്‍ അല്‍ബെറോണിക്ക് മരിക്കുമ്പോള്‍ 94 വയസ്സായിരുന്നു പ്രായം.

സിസ്റ്റര്‍ ജിയോവന്നാ എന്നറിയപ്പെടുന്ന അല്‍ബെറോണി 1926-ല്‍ ഇറ്റലിയിലെ സാന്‍ ജിയോര്‍ജിയോ പിയാസെന്റിനോയിലാണ് ജനിക്കുന്നത്. 1946-ല്‍ നോവിഷ്യേറ്റു ആരംഭിച്ചു. ആഫ്രിക്കയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തണമെന്നതായിരുന്നു സിസ്റ്ററുടെ ആഗ്രഹമെങ്കിലും ഇന്ത്യയിലെത്തുവാനായിരുന്നു ദൈവ നിയോഗം. 1948-ലാണ് മദര്‍ അല്‍ബെറോണി ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഉര്‍സുലിന്‍ കന്യാസ്ത്രീയാണ് മദര്‍ അല്‍ബെറോണി. ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭക്ക് വേണ്ടിയുള്ള മദര്‍ അല്‍ബെറോണി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും, ഇന്ത്യയിലെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മദര്‍ ഏറെ ത്യാഗങ്ങള്‍ എടുത്തിട്ടുണ്ടെന്നും മുംബൈ ഉള്‍പ്പെടുന്ന ഉര്‍സുലിന്‍സ് സഭയുടെ ബെംഗളൂരു ആസ്ഥാനമായുള്ള മധ്യേന്ത്യന്‍ പ്രൊവിന്‍സിനെ നയിക്കുന്ന സിസ്റ്റര്‍ നികേഷ് മേച്ചേരിതകടിയേല്‍ പറഞ്ഞു.

ഇറ്റലി സ്വദേശിനിയായിരുന്നെങ്കിലും ഇന്ത്യക്കാര്‍ക്ക് മദര്‍ ശരിക്കും ഒരമ്മതന്നെ ആയിരുന്നെന്നും, ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗികളോട് മദര്‍ പ്രകടിപ്പിച്ച അനുകമ്പ എടുത്ത് പറയേണ്ടതാണെന്നും ഏതാണ്ട് ആയിരത്തോളം പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ മദര്‍ സഹായിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ നികേഷ് പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ അല്‍ബെറോണി കാണ്‍പൂര്‍, കോഴിക്കോട്, വയ്യാതിരി മുംബൈ എന്നിവിടങ്ങളിലെ ഉര്‍സുലിന്‍ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്. 1978-ല്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രി മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സില്‍ നിന്നും ഉര്‍സുലിന്‍ സഭ ഏറ്റെടുത്തപ്പോള്‍ ഏറ്റെടുക്കലിനും ഹോസ്പിറ്റലിന്റെ വികസനത്തിനും മദര്‍ അല്‍ബെറോണിയായിരുന്നു മേല്‍നോട്ടം വഹിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 618