News - 2025
ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് കര്‍ദ്ദിനാളുമാര്‍
പ്രവാചക ശബ്ദം 20-01-2021 - Wednesday
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കര്‍ദ്ദിനാള്‍മാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ മുന്‍ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം നീതിപൂര്‍വമാണെന്ന് ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ ആനുപാതികമായി എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്നും കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ ആവശ്യമുന്നയിച്ചു.
സര്‍ക്കാര്‍ ഫണ്ടുകളുടെ വിതരണത്തില്‍ ഓരോ സമുദായത്തിനും അര്‍ഹമായതു കിട്ടണം. ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതു ലഭ്യമാകണം. കേരളത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കപ്പെടരുത്. സാന്പത്തിക സംവരണം എന്നതിനേക്കാളേറെ സാന്പത്തിക സഹായങ്ങള്‍ക്കുള്ള മാനദണ്ഡം സാന്പത്തികമാകണം. മതം അല്ല സംവരണത്തിനുള്ള അര്‍ഹത. മറിച്ച് പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കാകണം കിട്ടേണ്ടതെന്ന് മാര്‍ ആലഞ്ചേരിയും മാര്‍ ക്ലീമിസും പറഞ്ഞു. തത്വത്തില്‍ ഇതിനോട് യോജിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായി കര്‍ദ്ദിനാള്‍മാര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം വന്നതേയില്ല. അദ്ദേഹവും തങ്ങളും രാഷ്ട്രീയം പറഞ്ഞില്ല. വളരെ തുറന്ന മനോഭാവമായിരുന്നു പ്രധാനമന്ത്രിയുടേത്. സംവാദങ്ങളുടെ ആളാണ് മോദി. സഭയ്ക്കും കക്ഷിരാഷ്ട്രീയമില്ല. ഒരു പാര്‍ട്ടിയോടും തൊട്ടുകൂടായ്മയുടെ പ്രശ്‌നവുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്നതാണ് ക്രൈസ്തവമൂല്യം. സഭയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവ നടപ്പാക്കാന്‍ ശ്രമിക്കുന്നവരോട് വിശ്വാസികള്‍ക്ക് ആഭിമുഖ്യമുണ്ടാകും. സ്വതന്ത്രമായി രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് കത്തോലിക്കര്‍. കേരളത്തില്‍ ഏതെങ്കിലുമൊരു മുന്നണിയോടോ പാര്‍ട്ടിയോടോ പ്രത്യേക മമതയോ അകല്‍ച്ചയോ ഇല്ലെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും വോട്ടു നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്. അതില്‍ തെറ്റില്ല. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് വ്യക്തികള്‍ തീരുമാനിക്കും. എല്ലാവരെയും സൗഹാര്‍ദപരമായാണു സ്വീകരിക്കുക. കര്‍ദ്ദിനാളുമാര്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക