News - 2024

ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 21-01-2021 - Thursday

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പുതിയ പ്രസിഡന്‍റിന് എല്ലാവരുടെയും പ്രത്യേകിച്ച് ദരിദ്രരും നിസ്സഹായരുമായവരുടെയും അവകാശങ്ങളെ മാനിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ കഴിയേണ്ടതിനായി പ്രാർത്ഥിക്കുന്നുവെന്ന് ജോ ബൈഡന് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. തന്റെ ഉന്നത പദവി ഉചിതമായി കൈകാര്യം ചെയ്യേണ്ടതിനു വേണ്ട ജ്ഞാനവും ബലവും സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് നല്കുന്നതിനായി താൻ പ്രാർത്ഥിക്കുന്നതായും പാപ്പ കത്തിലൂടെ അദ്ദേഹത്തെ അറിയിച്ചു.

"മാനവ കുടുംബം ഗൗരവതരമായ വിഷമസന്ധികൾ നേരിടുന്ന ഈ സമയത്ത് ഒറ്റക്കെട്ടായതും ദീർഘവീക്ഷണം പുലർത്തുന്നതുമായ പ്രതികരണങ്ങൾ ആവശ്യമായിരിക്കുന്നു. ഇത്തത്തിൽ താങ്കൾ എടുക്കുന്ന തീരുമാനങ്ങൾ നീതിക്കും സ്വാതന്ത്ര്യത്തിനും വില കല്പിക്കുന്നതും എല്ലാവരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ദുർബുലരുടെയും ശബ്ദമില്ലാത്തവരുടെയും അവകാശങ്ങളെ മാനിക്കുന്നതുമായിരിക്കുവാനായി ഞാൻ പ്രാർത്ഥിക്കുന്നു." സന്ദേശത്തില്‍ പറയുന്നു. അമേരിക്കയുടെ സ്ഥാപനം മുതൽ അതിനെ ഉത്തേജിപ്പിച്ച ഉന്നതമായ രാഷ്ട്രീയ, സദാചാര, മതമൂല്യങ്ങളിൽ നിന്നും ശക്തി സ്വീകരിക്കുവാൻ ബൈഡന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനതക്ക് കഴിയുമാറാകട്ടെ എന്ന് പാപ്പ ആശംസിച്ചു.

“ലോകത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി അമേരിക്കയിലും ലോകരാഷ്ട്രങ്ങൾക്കിടയിലും പരസ്പര ധാരണയും, അനുരഞ്ജനവും, സമാധാനവും വളർത്താൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ സർവ്വ ജ്‌ഞാനത്തിന്റെയും സത്യത്തിന്റെയും ഉറവിടമായ ദൈവം വഴി നടത്തട്ടെ”. ബൈഡനെയും കുടുംബത്തെയും അമേരിക്കൻ ജനതയെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »