News - 2025
ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനമായി ആചരിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
പ്രവാചക ശബ്ദം 01-02-2021 - Monday
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി - മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച (ജൂലൈ 25) ആഗോള കത്തോലിക്കാ സഭയിൽ 'ലോക മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനം' ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ഇന്നലെ ജനുവരി 31 ലെ ത്രികാല പ്രാർത്ഥനയ്ക്കിടെയിലാണ് ഫ്രാൻസിസ് പാപ്പ ആഹ്വാനം നടത്തിയത്. ഓരോ കുടുംബത്തിലെയും മുത്തശ്ശി - മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നു പോകുന്നുവെന്നും സത്യത്തിൽ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുന്നവരിൽ പ്രധാനികളെന്നും പാപ്പ പറഞ്ഞു.
മുതിർന്നവരെ നാം കേൾക്കണമെന്നും പലപ്പോഴും പരിശുദ്ധാത്മാവാണ് അവരിലൂടെ നമ്മോട് സംസാരിക്കുന്നതെന്നും വിശ്വാസ പകർച്ച തലമുറകളിലേക്ക് നടക്കുന്നത് പ്രായമായവര്‍ വഴിയാണെന്നും, നാം അവരെ ഒരിക്കലും മറക്കരുതെന്നും അവരാണ് നമ്മുടെ വളർച്ചയുടെ വേരുകളെന്നും പാപ്പ പറഞ്ഞു. പലപ്പോഴും പിശാച് നമ്മെ ലോകത്തിൻ്റെ വഴിയിലൂടെ കൊണ്ട് പോകും. എന്നാൽ നാം തിരുവചനത്തിൻ്റെ വഴിയിൽ സഞ്ചരിക്കേണ്ടവരാണ്. അതിനായി നാം ദിവസവും തിരുവചനം വായിക്കണമെന്നും ഒരു ചെറിയ സുവിശേഷം നാം കൂടെ കൊണ്ട് നടക്കുന്നത് നല്ലതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനമായ ജൂലൈ 25 ഞായറാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ബലിയര്‍പ്പിക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക