India - 2025
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
പ്രവാചക ശബ്ദം 03-02-2021 - Wednesday
തിരുവനന്തപുരം: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സഭാതര്‍ക്കം വേഗത്തില്‍ രമ്യമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്ന പ്രധാന നിര്‍ദേശമാണു മതമേലധ്യക്ഷന്മാര്‍ ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മുന്നോട്ടുവച്ചത്. സഭാ തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്നുതന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ എല്ലാവരും സഹകരിക്കണമെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ ഉള്‍പ്പെടെ അന്‍പതോളം മേലധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.