News - 2025
മരിയ ഷഹ്ബാസിന് ബ്രിട്ടന്‍ അഭയം നല്‍കണമെന്ന ആവശ്യവുമായി 12,000 പേര്‍ ഒപ്പിട്ട നിവേദനം
പ്രവാചക ശബ്ദം 08-02-2021 - Monday
റോം: തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തവന്റെ ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ടോടി ജീവരക്ഷാര്‍ത്ഥം ഒളിവില്‍ കഴിയുന്ന പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന ആവശ്യവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നിവേദനം സമര്‍പ്പിച്ചു. മാസങ്ങളായി ഒളിവില്‍ കഴിയുന്ന മൈറയുടേയും, കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് എ.സി.എന്നിന്റെ നിവേദനം. മരിയയ്ക്കും അവളുടെ കുടുംബാംഗങ്ങള്‍ക്കും അഭയം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പന്ത്രണ്ടായിരം പേര്‍ ഒപ്പിട്ട നിവേദനം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എ.സി.എന്‍ യു.കെ ഓഫീസ് യു.കെ പ്രധാനമന്ത്രിയുടെ മത-വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രതിനിധിയായ ഫിയോണ ബ്രൂസിന് കൈമാറിയത്.
ഒപ്പിട്ടിരിക്കുന്ന ആയിരങ്ങള്‍ മരിയയുടേയും, അവളുടെ കുടുംബാംഗങ്ങളുടേയും അവസ്ഥ ദുഃഖകരവും ഹൃദയഭേദകവുമാണെന്നാണ് സ്ഥിരീകരിക്കുന്നതെന്നു ഫിയോണ പറഞ്ഞതായി എ.സി.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഹോം സെക്രട്ടറിയുടെ അടിയന്തിര പരിഗണനക്കായി നിവേദനം അയക്കുമെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന് മുപ്പതിലധികം എം.പി മാരുടേയും, മെത്രാന്മാരുടേയും, ചാരിറ്റി സംഘടനകളുടേയും പിന്തുണയുണ്ടെന്നും എ.സി.എന്നിന്റെ പ്രസ്താവനയില്‍ പറയുന്നു. മരിയയ്ക്കും കുടുംബത്തിനും പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു പെണ്‍കുട്ടിയുടെ അഭിഭാഷകനായ സുമേറ ഷഫീഖ് ആവര്‍ത്തിച്ചിരിന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ഇസ്ലാം മതവിശ്വാസിയായ മൊഹമ്മദ് നാകാഷും അയാളുടെ രണ്ട് അനുയായികളും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനായിരിന്നു' ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം. ഇത് വലിയ വിവാദത്തിന് തന്നെ വഴിതെളിയിച്ചിരിന്നു. പിന്നീട് ബലാല്‍സംഘത്തിന് പുറമേ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുവാന്‍ വരെ പെണ്‍കുട്ടി നിര്‍ബന്ധിതയായി. പീഡനം സഹിക്ക വയ്യാതെ തുടര്‍ന്നു മരിയ നാകാഷിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക