News - 2024

സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണം: ബൈഡനോട് ആഗോള ക്രൈസ്തവ നേതാക്കളുടെ സംയുക്ത അഭ്യർത്ഥന

പ്രവാചക ശബ്ദം 20-02-2021 - Saturday

ഡമാസ്ക്കസ്: സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി. അമേരിക്കൻ പ്രസിഡന്റായി ജനുവരിയിൽ ചുമതലയേറ്റ ബൈഡനെ അഭിനന്ദിച്ചുകൊണ്ട് തുടങ്ങുന്ന കത്തിൽ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ക്രൈസ്തവ നേതാക്കൾ വിവരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധി പ്രൊഫസർ അലെന ഡൗഹാൻ ഡിസംബർ മാസം ഒടുവിലായി രാജ്യത്തിന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട കാര്യം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ നിയന്ത്രണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും, കോവിഡ് 19 മൂലം ക്ലേശിക്കുന്ന സിറിയയ്ക്കുമേലുളള മറ്റൊരു ആഘാതമാണെന്നും അലെന ഡൗഹാൻ പറഞ്ഞിരുന്നു. പത്തുവർഷം മുമ്പ് സിറിയയെ മേഖലയിലെ അപ്പക്കുട്ട എന്നാണ് വിളിച്ചിരുന്നതെന്നും, എന്നാൽ ഇന്ന് രാജ്യം ഭക്ഷണ ക്ഷാമത്തിന്റെ വക്കിലാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ക്രൈസ്തവ നേതാക്കൾ കുറിച്ചു. പകുതിയോളം വരുന്ന സിറിയൻ ജനത വിശപ്പകറ്റാൻ മാർഗമില്ലാതെയാണ് കിടക്കാൻ പോകുന്നതെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അധ്യക്ഷൻ ഡേവിഡ് ബിയാസ്ലി കഴിഞ്ഞ ജൂൺ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

പുതിയൊരു അസ്ഥിരത പശ്ചിമേഷ്യയിലും, മറ്റു സ്ഥലങ്ങളിലും രൂപപെടാതിരിക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് അവർ ബൈഡനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധത്തിലൂടെ സിറിയൻ ജനതയെ മുഴുവൻ ശിക്ഷിക്കാതെ ന്യായമായ ദേശീയ താല്പര്യം സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മറ്റ് മാർഗ്ഗങ്ങൾ തേടാൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ മുന്നോട്ടുവെച്ചു. സിറിയൻ കത്തോലിക്കാ സഭ, സിറിയൻ ഓർത്തഡോക്സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ തുടങ്ങിയ സഭകളുടെ തലവന്മാരും, ഹംഗേറിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ അടക്കമുള്ളവരും പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 625