India - 2024

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

പ്രവാചക ശബ്ദം 21-02-2021 - Sunday

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുന്ന കര്‍മപരിപാടികള്‍ യാഥാര്‍ഥ്യമാകണം. ലോക രാജ്യങ്ങള്‍ പലതും കൃഷിക്കു മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ അനാസ്ഥ പുലര്‍ത്തുന്നു.

ഫ്രാന്‍സും ഇറ്റലിയും പ്രതിരോധ സേനാവിഭാഗത്തിനു തുല്യമായാണ് കാര്‍ഷിക മേഖലയെ കാണുന്നത്. രാജ്യസുരക്ഷയ്ക്കു ഭംഗമുണ്ടായാല്‍ നല്‍കുന്ന അതേ ഗൗരവം കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു നല്‍കുന്നു. നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ ആലസ്യം വെടിയണം. വിദ്യാഭ്യാസം, തീരമേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളും മുന്നില്‍ക്കണ്ടാവണം വികസന പദ്ധതികള്‍. പഠന ശിബിരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സമഗ്രരേഖ സര്‍ക്കാരിനും നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടനപത്രിക തയാറാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കും. രചനാത്മകമായ ഇത്തരം നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പായി സഭ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും.

ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു ക്രിയാത്മക നടപടികളെടുക്കുന്ന രാഷ്ട്രീയ കക്ഷികളാകണം ഭരണം കൈയാളേണ്ടത്. െ്രെകസ്തവ ദര്‍ശനങ്ങളെ മാനിക്കുകയും ജനഹിതത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു സഭയുടെ പിന്തുണയുണ്ടാകുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍പോലും വിദേശകുത്തകകളെ സ്വാഗതം ചെയ്യുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ഈ പഠനശിബിരം നടക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുതെന്നു കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ വികസന അജണ്ടകള്‍ നീതിപൂര്‍വകമാകണം.

മദ്യവ്യവസായത്തിന് അമിത പ്രാധാന്യം നല്കുന്നുണ്ടോയെന്നും കൃഷി, മത്സ്യബന്ധനമേഖലകള്‍ അവഗണിക്കപ്പെടുന്നുണ്ടോയെന്നും ഭരണകര്‍ത്താക്കള്‍ ആത്മപരിശോധന നടത്തണം. സമ്പത്തിന്റെ വിതരണം നീതിപൂര്‍വകമാകുമ്പോഴാണു വികസനം എല്ലാവരിലേക്കും എത്തുകയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിനാല്‍ കേരളത്തിനു വ്യവസായ രംഗത്ത് സംഭവിച്ച പിന്നാക്കാവസ്ഥ ചുരുങ്ങിയ കാലത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നു മുഖ്യപ്രഭാഷണത്തില്‍ മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.

ഉദ്യോഗത്തിനുപോകാതെ വീട്ടിലിരിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്കു ഡിജിറ്റല്‍ വിദ്യാഭ്യാസ യോഗ്യത നല്‍കാന്‍ വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിക്കുന്ന 30 മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തു യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, പി.കെ ജോസഫ്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 378