News - 2025

റോമിലോ മറ്റ് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ്; ദുഃഖം പങ്കുവെച്ച് വിശ്വാസികള്‍

പ്രവാചക ശബ്ദം 21-02-2021 - Sunday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശക്തമായ രീതിയില്‍ തുറന്ന പ്രതികരണം നടത്തിയിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ സ്ഥാനമൊഴിഞ്ഞതിന്റെ സങ്കടം പങ്കുവെച്ച് വിശ്വാസി സമൂഹം. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ സ്ഥാനം ഒഴിഞ്ഞുള്ള അദ്ദേഹത്തിന്റെ രാജികത്ത് മാര്‍പാപ്പ അംഗീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും ദുഃഖം പങ്കുവെച്ച് പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുസഭയിലെ ധീരനായ പോരാളിയായിരിന്നുവെന്നും കത്തോലിക്ക സഭയിലെ നെടുംതൂണായിരിന്നു കര്‍ദ്ദിനാള്‍ സാറയെന്നും ചിലര്‍ പ്രതികരിച്ചു.

ഇസ്ളാമിക അധിനിവേശത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പ്രവാചകശബ്ദമായി നിലകൊണ്ട വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ സാറയെന്നായിരിന്നു മറ്റ് ചിലരുടെ പ്രതികരണം. ആരാധനാക്രമവും കൂദാശകളും സംരക്ഷിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു വളരെ വലുതാണെന്നായിരിന്നു വൈദികര്‍ അടക്കമുള്ള മറ്റ് ചിലര്‍ ട്വീറ്റ് ചെയ്തത്. രാജി മാര്‍പാപ്പ അംഗീകരിച്ച വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് പങ്കുവെച്ചിരിന്നു. ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള പ്രിഫെക്റ്റ് പദവി രാജിവെക്കാനുള്ള തീരുമാനം മാർപാപ്പ അംഗീകരിച്ചുവെന്നും താൻ ദൈവത്തിന്റെ കൈയിലാണെന്നും ഏക പാറ ക്രിസ്തുവാണെന്നും റോമിലോ മറ്റിടങ്ങളിലോ ഉടനെ കാണാമെന്നുമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്ന അദ്ദേഹം ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാളായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയ്ക്കു ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധനക്രമ കൂദാശ വിഷയങ്ങളിലും അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം അദ്ദേഹം അദ്ധ്യക്ഷനായിരിന്ന ആരാധന തിരുസംഘം പുറത്തിറക്കിയ ഡിക്രിയില്‍ റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ലായെന്നും ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയമുള്ള ബന്ധപ്പെടലാണെന്നും റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്നും പ്രസ്താവിച്ചിരിന്നു.

തിരുസഭയിലെ വിവിധ വിഷയങ്ങളില്‍ സഭാധികാരികള്‍ ആത്മശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരിന്നു. 2018-ല്‍ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ കത്തോലിക്ക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആഗോളസഭയിലെ വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികളെന്നും സഭാധികാരികള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരിന്നു. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ദയാവധത്തിനും, ഭ്രൂണഹത്യക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു. ഇത്തരത്തില്‍ വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ അദ്ദേഹം കാണിച്ച ശക്തമായ നിലപാട് തുടര്‍ന്നും ആവര്‍ത്തിക്കണമെന്ന അപേക്ഷയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കര്‍ദ്ദിനാളിനോട് അഭ്യര്‍ത്ഥിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 626