News

രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് സാധിച്ചില്ല: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രവാചക ശബ്ദം 21-02-2021 - Sunday

ദൈവവചനവും ആരാധനാക്രമവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് സാധിച്ചില്ലായെന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ സൂം പ്ലാറ്റ്ഫോമിലൂടെ ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പരയ്ക്കു പ്രത്യേക പ്രാധാന്യമുണ്ടെന്നും അത് നയിക്കുന്ന ഫാ. അരുണ്‍ കലമറ്റത്തില്‍ ഭാരത സഭയുടെ റാറ്റ്സിംഗര്‍ ആണെന്നും ആഗോള സഭയില്‍ തന്നെ മഹത്തരമായ സംഭാവനകള്‍ ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അരുണ്‍ അച്ചന്‍ നയിക്കുന്ന ക്ലാസുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും ക്ലാസില്‍ പങ്കുചേരുന്ന വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കണമെന്നും പഠനപരമ്പരയ്ക്കു നേതൃത്വം നല്‍കുന്ന പ്രവാചകശബ്ദത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പ്രവാചകശബ്ദം ചീഫ് എഡിറ്റര്‍ ഡീക്കന്‍ റവ. അനില്‍ ലൂക്കോസ് സ്വാഗതവും യു‌കെ എഡിറ്റര്‍ ബാബു ജോസഫ് നന്ദിയും പറഞ്ഞു.

ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളെ പലരും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന പശ്ചാത്തലത്തിലാണ് പ്രവാചകശബ്ദം പഠനപരമ്പരയ്ക്കു ആരംഭം കുറിച്ചിരിക്കുന്നത്. മുന്നൂറ്റിഅന്‍പതിലധികം ആളുകള്‍ ഇന്നലെ തത്സമയ പഠനപരമ്പരയില്‍ ഭാഗഭാക്കായി. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിമുതൽ 7 മണിവരെയാണ് സൂം പ്ലാറ്റ്ഫോമിലൂടെ ക്ലാസുകള്‍ നടത്തപ്പെടുക. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 6 ശനിയാഴ്ച നടക്കും.

More Archives >>

Page 1 of 626