News - 2025
കോവിഡിനിടയിലും ക്രൈസ്തവ വിരുദ്ധത: ഒഡീഷയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തു
പ്രവാചക ശബ്ദം 24-05-2021 - Monday
കോരപുട്: ഒഡീഷയിലെ കോരാപുട് ജില്ലയിലെ ബോഡോഗുഡാ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയം ആയുധധാരികളായ അക്രമികള്‍ തകര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാംതരംഗം രാജ്യത്താകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമെന്നതാണ് ഖേദകരമായ വസ്തുത. നൂറ്റിയന്‍പതോളം ആയുധധാരികളായ ആളുകള്‍ ഒരുമിച്ചുകൂടി നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം തകര്‍ക്കുകയായിരിന്നുവെന്നാണ് 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 16ന് നടന്ന ആക്രമണത്തിന്റെ പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ആക്രമിക്കപ്പെടുമോ എന്ന ഭീതിയില്‍ പ്രദേശവാസികള്‍ ഒരു വീട്ടിലാണ് കഴിയുന്നതെന്ന് ഡെബോ ബോയി എന്ന ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തിയതായി ‘മാറ്റേഴ്സ് ഇന്ത്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവര്‍ ദേവാലയം നിര്‍മ്മിക്കുന്നത് അവര്‍ക്ക് ഉള്‍കൊള്ളുവാന്‍ കഴിഞ്ഞില്ലെന്നും, കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ ഇത്തരത്തിലുള്ള ക്രൂരവും, മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടത്തുന്നവരേയാണ് തങ്ങള്‍ ഭയപ്പെടുന്നതെന്നും ബോയി പറഞ്ഞു. ദേവാലയം തകര്‍ത്തതിനെതിരെ അയൂബ് ഖോര, ജിതേന്ദ്ര ഖോസ്ലാ, സുധാകര്‍ ഖോസ്ല എന്നീ പാസ്റ്റര്‍മാര്‍ ചേര്‍ന്ന് സംയുക്ത പരാതി നല്‍കിയിട്ടുണ്ട്. ദേവാലയം തകര്‍ത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും, നഷ്ടപരിഹാരമായി 2,00,000 രൂപ നല്‍കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് സാമൂഹ്യ സൗഹാര്‍ദ്ദവും, സുരക്ഷയും ഉറപ്പുനല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മെയ് 17ന് പരാതി ലഭിച്ചിട്ടുള്ള കാര്യം കോരാപുട് സബ്-ഡിവിഷണല്‍ ഓഫീസര്‍ ഗുണോനിധി സ്ഥിരീകരിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന തങ്ങളുടെ മതപരമായ അവകാശങ്ങള്‍ക്കുള്ള ഭീഷണിയാണ് ഇത്തരം നടപടികളെന്നാണ് കോരപുട് പാസ്റ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായ കൂടിയായ പാസ്റ്റര്‍ സുധാകര്‍ ഖോസ്ല പറഞ്ഞത്. ഇക്കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗ്രാമത്തിലെ പുതുക്രിസ്ത്യാനികള്‍ നിരന്തരം ആക്രമങ്ങള്‍ക്കും, അപമാനങ്ങള്‍ക്കും, ഭീഷണികള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്നു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ക്രൂര മര്‍ദ്ദനത്തിനിരയായ അറുപതുകാരിയായ ചാച്ചേരി ബോയി എന്ന ക്രിസ്ത്യന്‍ സ്ത്രീ പറഞ്ഞു.
2008-ല്‍ കന്ധമാലിലെ ക്രൈസ്തവരുടെ കൂട്ടക്കൊലയിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം പതിവായിരിക്കുകയാണ്. അധികാരികളുടേയും, പോലീസിന്റേയും ഒത്താശ ഇത്തരം ആക്രമണങ്ങള്‍ക്ക് വഴിയാകുന്നുണ്ടെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക