News - 2025

ദിവ്യകാരുണ്യം നാവില്‍ നല്‍കുന്ന പതിവ് മാരോണൈറ്റ് സഭ പുനഃരാരംഭിച്ചു

പ്രവാചകശബ്ദം 17-09-2021 - Friday

ബെയ്റൂട്ട്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ലെബനോനില്‍ കോവിഡ് മഹാമാരി കുറഞ്ഞതിനേ തുടര്‍ന്ന്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്ന പതിവ് പുനഃരാരംഭിച്ച് പൗരസ്ത്യ കത്തോലിക്ക സഭയായ മാരോണൈറ്റ് സഭ. പാരമ്പര്യവും, പൗരസ്ത്യ സഭകളുടെ ആചാരവുമനുസരിച്ച് ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കാമെന്ന്‍ ഇത് സംബന്ധിച്ചു മാരോണൈറ്റ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി ഒപ്പിട്ട ഡിക്രിയില്‍ പറയുന്നു. വിശുദ്ധ കുര്‍ബാന കരങ്ങളില്‍ സ്വീകരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ അതിന് അനുവാദമുണ്ടെന്നും ഡിക്രിയില്‍ പറയുന്നുണ്ട്.

ഈ രണ്ടു സാഹചര്യത്തിലും യേശുവിന്റെ തിരുശരീരവും, രക്തവുമായ ദിവ്യകാരുണ്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, ലെബനോന് പുറത്തുള്ള മാരോണൈറ്റ് സമൂഹങ്ങള്‍ക്ക് പ്രാദേശിക മെത്രാന്‍ സമിതികളുടെ നിര്‍ദ്ദേശമനുസരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്താമെന്നും ഡിക്രിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച ഭേദഗതി നടത്തിയത്. തീരുമാനം സഭാ തലത്തില്‍ .വിവാദമാവുകയും, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ 12ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ അവസാനിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസും പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളില്‍ മാരോണൈറ്റ് സഭയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബെയ്റൂട്ടിലെ ഹംഗേറിയന്‍ എംബസി അറിയിപ്പനുസരിച്ച് ഇക്കഴിഞ്ഞ ജൂണില്‍ നല്‍കിയ ഇരുപത് ലക്ഷത്തിലധികം ഡോളറാണ് അവസാനമായി നല്‍കിയ സംഭാവന. പതിനേഴാം നൂറ്റാണ്ടിലെ മാരോണൈറ്റ് ആശ്രമത്തിന്റെ പുനരുദ്ധാരണത്തിനും, സ്ത്രീകളുടേയും യുവജനങ്ങളുടേയും തൊഴില്‍പരമായ സാധ്യതകള്‍ക്ക് വേണ്ടിയുള്ള സാംസ്കാരിക കേന്ദ്രത്തിനും വേണ്ടിയാണ് ഈ തുക വിനിയോഗിച്ചത്.

More Archives >>

Page 1 of 695