News - 2025

ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന പരസ്യങ്ങള്‍ക്ക് ഗൂഗിളിന്റെ വിലക്ക്

പ്രവാചകശബ്ദം 18-09-2021 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി : ഇന്റര്‍നെറ്റ് സെര്‍ച്ച്, വെബ് അധിഷ്ടിത സേവനങ്ങള്‍ തുടങ്ങിയവയിലെ ആഗോള കുത്തകയായ ഗൂഗിളില്‍ പ്രോലൈഫ് സംഘടനകളുടെ പരസ്യങ്ങള്‍ക്ക് വിലക്ക്. കുരുന്നു ജീവനുകളുടെ രക്ഷാര്‍ത്ഥം രണ്ടു പ്രമുഖ പ്രോലൈഫ് സംഘടനകള്‍ നല്‍കിയ പരസ്യങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ഗൂഗിള്‍ നീക്കം ചെയ്തത്. അബോര്‍ഷന്‍ ഗുളികയുടെ ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സഹായിക്കുന്ന 24/7 ഹോട്ട്ലൈന്‍ പരസ്യത്തിനും, ‘ബേബി ഒലിവിയ’ എന്ന ഭ്രൂണത്തിന്റെ വികാസത്തെ കുറിച്ച് പറയുന്ന വീഡിയോയും ഗൂഗിള്‍ അകാരണമായി നീക്കം ചെയ്തുവെന്ന ആരോപണവുമായി ‘ലിവ് ആക്ഷന്‍’, ‘ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണല്‍’ എന്നീ പ്രമുഖ പ്രോലൈഫ് സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്.

രണ്ടായിരത്തിഅഞ്ഞൂറോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ സഹായിച്ച അബോര്‍ഷന്‍ ഗുളികാ വിരുദ്ധ ചികിത്സ സംബന്ധിച്ച പരസ്യം ഗര്‍ഭഛിദ്ര അനുകൂലികളുടെ ആവശ്യപ്രകാരം ഗൂഗിള്‍ നീക്കം ചെയ്തതായി ‘ലിവ് ആക്ഷന്‍’ സ്ഥാപകയും, പ്രസിഡന്റുമായ ലില റോസിന്റെ സെപ്റ്റംബര്‍ 14-ലെ ട്വീറ്റില്‍ പറയുന്നു. നൂറുകണക്കിന് അമ്മമാരെ അബോര്‍ഷന്‍ ഗുളിക വിരുദ്ധ ഹോട്ട്‌ലൈന്‍ സേവനത്തിലേക്ക് നയിച്ചുകൊണ്ട് കഴിഞ്ഞ 4 മാസമായി പ്രചരിച്ചിരുന്ന പരസ്യമാണ് ഗൂഗിള്‍ നീക്കം ചെയ്തതെന്ന്‍ ലില റോസ് വെളിപ്പെടുത്തി.

ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ക്ക് തൊട്ടടുത്ത ദിവസം ഗൂഗിള്‍ അനുവാദം നല്‍കിയത് ഗൂഗിളിന്റെ ജീവന്‍ വിരുദ്ധ നയമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ജീവനെ ഇല്ലാതാക്കുന്ന മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഗിളിന് ജീവന്‍ രക്ഷിക്കുന്ന മരുന്നുകളോട് താല്‍പ്പര്യമില്ലെന്നാണ് ലിലയുടെ ട്വീറ്റില്‍ പറയുന്നത്. തങ്ങളെ നിശബ്ദരാക്കുവാന്‍ ഇത്ര ശക്തമായി ഗൂഗിള്‍ പോരാടുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, വളരെ മോശകരമായ ഒരു പോരാട്ടമാണ് അവര്‍ നടത്തുന്നതെന്നുമാണ് അബോര്‍ഷന്‍ ഗുളികാ വിരുദ്ധ ഹോട്ട്ലൈന്‍ നടത്തുന്ന ഹാര്‍ട്ട്ബീറ്റ് ഇന്റര്‍നാഷണലിന്റെ വൈസ് പ്രസിഡന്റ് സിന്‍ഡി ബോസ്റ്റണ്‍-ബിലോട്ട ഇ-മെയില്‍ സന്ദേശത്തിലൂടെ പറഞ്ഞത്.

അബോര്‍ഷന്‍ ഗുളികള്‍ക്കെതിരായ മുഴുവന്‍ പരസ്യങ്ങളും ഗൂഗിള്‍ നീക്കം ചെയ്തുവെന്ന പറഞ്ഞ സിന്‍ഡി ഇതിനായി ഫേസ്ബുക്കിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭപാത്രത്തില്‍ കുരുന്നു ഭ്രൂണങ്ങളുടെ വികാസത്തെ കുറിച്ച് പറയുന്ന ജീവന്‍ തുടിക്കുന്ന അനിമേഷന്‍ വീഡിയോയും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. അബോര്‍ഷന്‍ ഗുളികകള്‍ വ്യാപകമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന നിര്‍ണ്ണായക സമയത്താണ് ഗൂഗിള്‍ പ്രോലൈഫ് പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഗുളികകള്‍ ഏറ്റവും ചുരുങ്ങിയത് 24 സ്ത്രീകളുടേയും, 37 ലക്ഷം കുരുന്നുകളുടേയും ജീവന്‍ എടുത്തുകഴിഞ്ഞുവെന്ന് ലില വെളിപ്പെടുത്തിയിരിന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയർലണ്ടിൽ നടന്ന ഭ്രൂണഹത്യ ജനഹിത പരിശോധനയുടെ നാളുകളിൽ ഗൂഗിൾ പക്ഷപാതപരമായി ഇടപെടൽ നടത്തിയതായി റിപ്പോർട്ടുണ്ടായിരിന്നു. പ്രോലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും സുതാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രൊജക്റ്റ് വെരിത്താസ് എന്ന വെബ്സൈറ്റാണ് നേരത്തെ വെളിപ്പെടുത്തിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 695