India - 2025

പാലക്കാട് രൂപതയുടെ സ്റ്റാര്‍സ് സിവില്‍ സർവ്വീസ് അക്കാദമിയ്ക്കു ഗവണ്‍മെന്‍റ് അംഗീകാരം: അഡ്മിഷൻ ആരംഭിച്ചു

പ്രവാചകശബ്ദം 25-09-2021 - Saturday

പാലക്കാട് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍സ് സിവില്‍ സർവ്വീസ് അക്കാദമിയ്ക്കു കേരള സര്‍ക്കാരിന്റെ അംഗീകാരം. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്നവർക്കു ഇനി കുറഞ്ഞ ചെലവില്‍ ഗവണ്‍മെന്‍റ് അംഗീകൃത അക്കാദമിയില്‍ പഠിക്കുവാനുള്ള അവസരമാണ് ഇതോടെ ലഭ്യമായിരിക്കുന്നത്. സംസ്ഥാന/ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങളിലേക്ക് വരുന്ന ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി, പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ്ങ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുതലായ ഏജന്സികളാൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കും വിധമുള്ള പരിശീലനം നഗര-ഗ്രാമ വ്യത്യാസമെന്യേ, ചുരുങ്ങിയ ചെലവിൽ ഏവർക്കും പ്രദാനം ചെയ്യുക എന്നതാണ് ഈ അഫിലിയേഷൻ വഴി ഗവൺമന്റ്‌ ലക്ഷ്യമിടുന്നത്.

സ്റ്റാര്‍സ് ഐ‌എ‌എസ് അക്കാദമിയില്‍ 7 മാസത്തെ പരിശീലന കോഴ്സിലേക്കുള്ള അഡ്മിഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സിവില്‍ സര്‍വീസുകാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ചിട്ടുള്ള ഈ കോഴ്സിൽ പങ്കുചേരുന്നവര്‍ക്ക് കെ.എ.എസ്(Kerala Administrative Service), സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രവേശനപ്പരീക്ഷകൾ, പി.എസ്.സി തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുങ്ങികൊണ്ടിരിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാമൂഹിക പ്രതിബദ്ധതയും കറന്റ് അഫയേഴ്സ് നോളജും അപഗ്രഥനാശേഷിയും വളർത്തിയെടുക്കാൻ സഹായമായ വിധത്തിലാണ് കോഴ്സ്. +2, ഡിഗ്രി പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഈ കോഴ്സിൽ പങ്കെടുക്കാന്‍ അവസരമുണ്ട്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഓൺലൈനായും ഓഫ് ലൈനായും നടത്തപ്പെടും. വിവിധ മേഖലകളിലെ പരിചയസമ്പന്നരായ വ്യക്തികളാണ് കോച്ചിങ് നയിക്കുന്നതും സാധാരണക്കാരായ ആളുകള്‍ക്ക് പോലും താങ്ങാവുന്ന രീതിയില്‍ കുറഞ്ഞ ഫീസില്‍ പഠനം ലഭ്യമാക്കുന്നതും സ്റ്റാര്‍സിന്റെ പ്രത്യേകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: ‍

→ 9497824653

→ 9746024653

→ 9947931670

More Archives >>

Page 1 of 416