News - 2025

വിശുദ്ധ ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കുവാന്‍ ടെക്സാസിലും പ്രമേയം

പ്രവാചകശബ്ദം 06-10-2021 - Wednesday

ഓസ്റ്റിന്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി ബൈബിളിനെ ശുപാര്‍ശ ചെയ്യുന്ന പ്രമേയം ഫയല്‍ ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ടെക്സാസ് ഹൗസ് പ്രതിനിധിയായ ഗ്ലെന്‍ റോജേഴ്സ് (ആര്‍ ബ്രൌണ്‍ഹുഡ്) ആണ് പ്രമേയം ഫയല്‍ ചെയ്തിരിക്കുന്നത്. ടെക്സാസിന്റെ ചരിത്രത്തിലും, വികാസത്തിലും അവിഭാജ്യ ഘടകമായ ബൈബിള്‍, സംസ്ഥാനത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ ഒരു നാഴികക്കല്ലാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടെക്സാസില്‍ ബൈബിളിനുള്ള ചരിത്രപരമായ പ്രാധാന്യവും പ്രമേയത്തില്‍ എടുത്തുക്കാട്ടുന്നുണ്ട്.

1800 മുതല്‍ കത്തോലിക്കര്‍ക്കും, പാശ്ചാത്യ ലോകത്ത് നിന്നും കുടിയേറിയ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ആംഗ്ലോ അമേരിക്കക്കാര്‍ക്കും ഇടയിലെ ഒരു സാംസ്കാരിക കണ്ണിയാണ് ബൈബിളെന്നു റോജേഴ്സ് പറയുന്നു. ഡേവിഡ് ക്രോക്കെറ്റ്, സാം ഹൂസ്റ്റണ്‍ തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനത്തിന്റേയും, ബുദ്ധിയുടേയും ഉറവിടവും ബൈബിള്‍ തന്നെയായിരുന്നു. ടെക്സാസിലെ മുപ്പതോളം ഗവര്‍ണര്‍മാര്‍ ഹൂസ്റ്റണിന്റെ ബൈബിള്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയ റോജേഴ്സ്, ടെക്സാസിന്റെ സമ്പന്നമായ പൈതൃകത്തിലെ ഒരു പ്രധാന ഘടകമായ ബൈബിളിന് ഇത്തരമൊരു അംഗീകാരം തികച്ചും അര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു.

ടെക്സാസിന് പുറമേ, ടെന്നസ്സി, ലൂയിസിയാന, മിസ്സിസ്സിപ്പി തുടങ്ങിയ സംസ്ഥാനങ്ങളും ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമാക്കി മാറ്റുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ടെന്നസ്സിയില്‍ ഈ വര്‍ഷം ആദ്യത്തിലും, ലൂയിസിയാനയില്‍ 2014-ലും, മിസിസ്സിപ്പിയില്‍ 2015-ലുമാണ് ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ ജനസംഖ്യയിലെ 77 ശതമാനവും ക്രൈസ്തവരാണ്.

More Archives >>

Page 1 of 701