Life In Christ - 2024

സിസ്റ്റര്‍ മേരി കൊളേത്ത ഇനി ദൈവദാസി: നാമകരണ നടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം

12-11-2021 - Friday

കോട്ടയം: പ്രാര്‍ത്ഥനനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂഞ്ഞാര്‍ മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലി മധ്യേ സിസ്റ്റര്‍ മേരി കോളേത്തയെ ദൈവദാസിയായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ മേരി കൊളേത്തയെ ദൈവദാസിയായി ഉയര്‍ത്തുന്നതിനു മാര്‍പാപ്പയുടെ അനുമതി ലഭിച്ചതായുള്ള ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ അറിയിപ്പും രൂപതാധ്യക്ഷന്റെ നാമകരണ നടപടി വിജ്ഞാപനവും വായിച്ചു. രൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലിലാണ് ഇരു കത്തുകളും വായിച്ചത്.

കൊളേത്താമ്മയുടെ സന്യാസിനിസഭയായ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിസഭയിലെ സന്യസിനികളും വിശ്വാസികളും പ്രാര്‍ഥനയോടെയും കൈഅടിച്ചും പ്രഖ്യാപനത്തെ സ്വീകരിച്ചു. സഭയുടെ തിളങ്ങുന്ന മാണിക്യമാണ് ദൈവദാസി സിസ്റ്റര്‍ മേരി കൊളേത്തയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തില്‍ പറഞ്ഞു. പാലാ രൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്. പറുദീസയിലെ നദികള്‍ സമീപമുള്ള തോട്ടങ്ങളെ ഫലപുഷ്ടിയാക്കിയപോലെ സിസ്റ്റര്‍ കൊളേത്ത താമസിച്ച മണിയംകുന്നിലെ നാലുവീടുകള്‍ വിശുദ്ധയിലേക്കുള്ള വഴി തുറക്കുകയാണു ചെയ്തത്.

തന്റെ സമര്‍പ്പണ ജീവിതത്തില്‍ ഫ്രാന്‍സീസ് അസീസിയോടും ക്ലാര പുണ്യവതിയോടും ചേര്‍ന്നു ദൈവനിയോഗത്താല്‍ നേരിടേണ്ടി വന്ന കഠിനമായ ഏകാന്തതയുടെയും രോഗത്തിന്റെയും ഭയവും വേദനയും തിക്തതയുമെല്ലാം യാതൊരു വിഷമവുമില്ലാതെ സുകൃതങ്ങളുടെ പുണ്യപുഷ്പമാക്കി മാറ്റിയ പുണ്യവതിയായിരുന്നു കൊളേത്താമ്മയെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍, കൊളേത്താമ്മയുടെ സഹോദരപുത്രന്‍ റവ.ഡോ. ജയിംസ് ആരംപുളിക്കല്‍, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, ഫാ. കുര്യാക്കോസ് വട്ടമുകളേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമൂഹബലിക്കുശേഷം പള്ളിയുടെ സെമിത്തേരിയിലുള്ള കൊളേത്താമ്മയുടെ കബറിടത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകളും നടന്നു. എഫ്‌സിസി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട് കൃതജ്ഞത പറഞ്ഞു.

1904ല്‍ ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ ഔസേപ്പ് ജോസഫിന്റെയും അന്നമ്മയുടെയും മകളായിട്ടാണ് മറിയാമ്മ എന്ന കൊളേത്താമ്മയുടെ ജനനം. 1953ല്‍ എഫ്‌സിസി അംഗമായി. വിശുദ്ധ കൊള്ളറ്റിന്റെ പേരാണ് സ്വീകരിച്ചത്. കാലക്രമത്തില്‍ കൊള്ളറ്റ് കൊളേത്ത എന്നായി. 1984ല്‍ ഡിസംബര്‍ 18നായിരുന്നു വിയോഗം. സിസ്റ്റര്‍ കൊളേത്ത വഴിയായി നിരവധി പേര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുകയും സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ച മുന്പാണ് സിസ്റ്റര്‍ മേരി കൊളേത്തയുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി ലഭിച്ചത്. അന്നു തന്നെ നാമകരണ നടപടികള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.

More Archives >>

Page 1 of 68