Arts - 2024

ആയിരത്തിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനവുമായി ഫ്ലോറിഡയിലെ ദേവാലയം

പ്രവാചകശബ്ദം 29-11-2021 - Monday

ഗെയ്‌നെസ്‌വില്ലെ: ആയിരത്തിലധികം പുല്‍ക്കൂടുകള്‍ ഉള്‍പ്പെടുന്ന തിരുപ്പിറവി ദൃശ്യങ്ങളുടെ വന്‍ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പില്‍ അമേരിക്കയിലെ ഫ്ലോറിഡയിലെ ഗെയ്‌നെസ്‌വില്ലെയിലെ ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയം. ഡിസംബര്‍ 2 മുതല്‍ 4 വരെ വൈകിട്ട് 6 മണി മുതല്‍ 9 മണിവരെയും, ഡിസംബര്‍ 5ന് 3 മുതല്‍ 9 മണി വരെയുമാണ് തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശന സമയം നിശ്ചയിച്ചിരിക്കുന്നത്. വെറും 30 പുല്‍ക്കൂടുകളുമായി ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തില്‍ തുടങ്ങിയ പ്രദര്‍ശനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയിരത്തിഇരുനൂറോളം പുല്‍ക്കൂടുകളില്‍ എത്തി നില്‍ക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യേശുവിന്റെ ജനനത്തെ പ്രതിനിധീകരിക്കുന്ന മാതൃകകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രദര്‍ശനം കാഴ്ചക്കാരുടെ ഉള്ളില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അനുഭവം ഉളവാക്കുമെന്നു ഇടവകാംഗവും, ഗെയിന്‍സ്വില്ലെ സിറ്റി കൗണ്‍സില്‍ അംഗവുമായ ജോര്‍ജ്ജ് വാങ്ങ്മാന്‍ പറഞ്ഞു. ഇടവകാംഗങ്ങളുടെ ശേഖരത്തിലുള്ള പുല്‍ക്കൂടുകളായിരിക്കും പ്രദര്‍ശനത്തിലെ ഭൂരിഭാഗവുമെന്ന്‍ പറഞ്ഞ അദ്ദേഹം തങ്ങളുടെ സ്വന്തം പുല്‍ക്കൂടുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. കാഴ്ചക്കാര്‍ക്ക് തിരുപ്പിറവി ദൃശ്യങ്ങളുടെ നീണ്ട നിരയ്ക്കു മുന്നില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ചിലവിടാമെന്നാണ് വാങ്ങ്മാന്‍ പറയുന്നത്.

ഏതാണ്ട് നൂറോളം സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു മാസത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ പ്രദര്‍ശനം. ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തില്‍ ഒരുക്കുന്ന പന്ത്രണ്ടാമത്തെ പ്രദര്‍ശനമാണിത്. പ്രദര്‍ശനം ഒരുക്കുന്നതിന് ഒരു ഗ്രാമം തന്നെ വേണമെന്ന്‍ പറഞ്ഞ വാങ്ങ്മാന്‍, ലാറ്റര്‍ ഡെ സെയിന്റ്സ് ദേവാലയത്തിന്റെ പുതിയ പരിപാടിയായ “ലൈറ്റ് ദി വേള്‍ഡ് വിത്ത് ലവ്” എന്ന വീഡിയോ സംഗീത പരമ്പരയുടെ അതേ ദിവസങ്ങളില്‍ തന്നെയാണ് തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശനവുമെന്ന പ്രത്യേകത കൂടി ഇക്കൊല്ലത്തെ പ്രദര്‍ശനത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഭാര്യയായ ജൂഡിയാണ് പ്രദര്‍ശനത്തിന്റെ ചെയര്‍വുമണ്‍.

More Archives >>

Page 1 of 33