Arts

മഗ്ദലന മറിയം ആരാധന നടത്തിയിരുന്ന പുരാതന സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി

പ്രവാചകശബ്ദം 16-12-2021 - Thursday

ടെല്‍ അവീവ്: യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷ്യം വഹിച്ച മഗ്ദലന മറിയം ആരാധന നടത്തിയിരുന്നതെന്ന് കരുതപ്പെടുന്ന രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന സിനഗോഗിന്റെ അവശേഷിപ്പുകള്‍ വടക്കന്‍ ഇസ്രായേലിലെ മിഗ്ദാലില്‍ നിന്നും കണ്ടെത്തി. മഗ്ദലന മറിയത്തിന്റെ ജന്മദേശമായ പുരാതന ഗലീലി പട്ടണമായ മഗ്ദലനയാണ് ഇന്നത്തെ മിഗ്ദാല്‍. ഈ സ്ഥലത്ത് നിന്നും കണ്ടെത്തുന്ന രണ്ടാമത്തെ സിനഗോഗാണിത്. 2009-ല്‍ ഒരു കത്തോലിക്ക അതിഥി മന്ദിരം പണിയുന്നതിനിടയിലാണ് ആദ്യത്തെ സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ വിവരിക്കുന്ന പ്രകാരം പുരാതന ജെറുസലേമിലെ രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍ യേശു, മഗ്ദലന സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ടു സിനഗോഗുകളും സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആദ്യം കണ്ടെത്തിയ സിനഗോഗില്‍ നിന്നും വെറും 200 മീറ്റര്‍ ദൂരത്ത് നിന്നുമാണ് രണ്ടാമത്തെ സിനഗോഗിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ രണ്ട് സിനഗോഗുകളുടെ അവശേഷിപ്പുകള്‍ ഒരേ സ്ഥലത്ത് നിന്നും കണ്ടെത്തുന്നത് ഇതാദ്യമായാണ്. ആ കാലഘട്ടത്തില്‍ യഹൂദര്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യ ഒത്തുചേരലുകള്‍ക്കും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഈ സിനഗോഗുകളെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നതെന്ന്‍ ഹൈഫാ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഉദ്ഖനനങ്ങളുടെ ഡയറക്ടറായ ദിനാ അവ്ഷാലൊം-ഗോര്‍ണി പറഞ്ഞു.

ആദ്യ സിനഗോഗില്‍ നിന്നും കണ്ടെത്തിയ 7 ശാഖകളുള്ള വിളക്ക് കാലിന്റെ (മെനോര) രൂപം കൊത്തിയിട്ടുള്ള കല്ല്‌ ജെറുസലേമും മറ്റ് സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് എടുത്തു കാട്ടുന്നതെന്നും, ജെറുസലേമിലെ പുരാതന ക്ഷേത്രം നിലനില്‍ക്കുമ്പോള്‍ സജീവമായിരുന്നവയില്‍ വിളക്കുകാല്‍ ആലേഖനം ചെയ്തിട്ടുള്ള സിനഗോഗ് കണ്ടെത്തുന്നത് ഇതാദ്യമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതപരമായ ആചാരാനുഷ്ടാനങ്ങള്‍ ജെറുസലേമിലെ ക്ഷേത്രത്തില്‍ നടത്തുമ്പോള്‍ സിനഗോഗുകള്‍ മതപഠനത്തിനും, സാമൂഹ്യ ഒത്തുചേരലുകള്‍ക്കും ആയിരിക്കാം ഉപയോഗിക്കപ്പെട്ടിരുന്നതെന്നാണ് അനുമാനം.

എന്നാല്‍ ഈ സിനഗോഗുകള്‍ സാമൂഹ്യ ഒത്തുചേരല്‍ കേന്ദ്രങ്ങള്‍ ആയിരുന്നോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ലെന്നാണ് ഗോര്‍ണി പറയുന്നത്. മധ്യഭാഗത്തെ ചതുരത്തിലുള്ള ഒത്തുചേരല്‍ ഹാളും പാര്‍ശ്വങ്ങളിലായി രണ്ടു മുറികളോടും കൂടിയ ഒരേ ആകൃതിയാണ് രണ്ടു സിനഗോഗുകള്‍ക്കും ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തില്‍ യേശു ഗലീലിയിലെ സിനഗോഗുകളില്‍ പ്രബോധനം നടത്തിയിരുന്നുവെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. വിശുദ്ധ മത്തായിയുടേയും, മര്‍ക്കോസിന്റേയും സുവിശേഷത്തില്‍ വിവരിക്കുന്ന അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയ സംഭവത്തിന് ശേഷം വഞ്ചിയിലൂടെ യേശു സന്ദര്‍ശിച്ച പട്ടണമാണ് മഗ്ദലനയെന്ന് ചില പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 34