News

വാട്സാപ്പിലെ ഈ 'വ്യാജ കന്യാസ്ത്രീ'യെയും ഇല്ലാത്ത ദുരിതം നടിച്ചു പിറകെ നടക്കുന്നവരെയും സൂക്ഷിക്കുക: മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്

പ്രവാചകശബ്ദം 11-01-2022 - Tuesday

ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും സാമ്പത്തിക തട്ടിപ്പ്. വിവിധ ക്രിസ്തീയ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ച തട്ടിപ്പുകാരാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത്. രണ്ടു രീതിയിലാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇതില്‍ ഒന്ന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിന് നിങ്ങള്‍ അര്‍ഹനായെന്നും അതിനായി നിങ്ങളുടെ വിവരങ്ങള്‍ അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ്.

സിസ്റ്റര്‍ കരോലിന എന്ന വ്യാജ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വാട്സാപ്പ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമായും സന്ദേശം വരുന്നത്. 50,000 പൗണ്ട് നല്‍കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരോട് സാമ്പത്തിക സഹായം നല്‍കുന്നതിനായി നിശ്ചിത തുക നല്‍കണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. “പ്രിയപ്പെട്ടവരെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. “ഞാന്‍ റവ. സിസ്റ്റര്‍ കരോലിന. ഇത് എന്റെ പുതിയ വാട്സാപ്പ് നമ്പര്‍ ആണ്. ഞങ്ങള്‍ പാവപ്പെട്ടവരിലേക്ക് ഇറങ്ങി ചെല്ലുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്.

തങ്ങള്‍ ദൈവവേല ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കി ഒരിക്കല്‍ കൂടി അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 100 കോടി പൗണ്ടാണ് ആന്‍ഡ്ര്യൂ എന്ന മെത്രാപ്പോലീത്ത നല്‍കിയിരിക്കുന്നതെന്നും, സഹായത്തിനര്‍ഹരാകുന്ന ഓരോ ഗ്രൂപ്പിനും 50,000 പൗണ്ട് ലഭിക്കുമെന്നും, ഭാഗ്യവശാല്‍ നിങ്ങളുടെ പേരും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.

“ദരിദ്രരോട് ദയ കാട്ടുന്നവന്‍ ദൈവത്തിനാണ് കടം കൊടുക്കുന്നത്. അവിടന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങള്‍ 19:17) എന്ന ബൈബിള്‍ വാക്യവും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 50,000 പൗണ്ട് ലഭിക്കുന്നതിനായി നമ്മുടെ പേരും, അഡ്രസ്സും, വയസ്സും, തൊഴിലും, ഫോണ്‍ നമ്പറും, ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുന്ന വിവരങ്ങളാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വാട്സാപ്പ് പേരിലുള്ളതും ഫോട്ടോയില്‍ ഉള്ളതും 'യഥാര്‍ത്ഥ കന്യാസ്ത്രീ' ആണെന്ന്‍ തെറ്റിദ്ധരിക്കുന്നവര്‍ ഇവരെ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യുന്നത്.

മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ തട്ടിപ്പ് 'ഇല്ലാത്ത ദുരിതം' നടിച്ച് സാമ്പത്തിക സഹായം യാചിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. സ്ത്രീ ശബ്ദത്തില്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വോയിസ് മെസേജ് തുടരെ തുടരെ അയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓരോരുത്തരേ ബന്ധപ്പെടുമ്പോഴും സഹായത്തിനായി ഓരോ കാരണങ്ങളാണ് ഇവര്‍ നിരത്തുന്നത്. ഇവരുടെ തട്ടിപ്പിന് മലയാളി ക്രൈസ്തവരായ ചിലര്‍ ഇരകളായെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രവേശിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ പേഴ്സണല്‍ വാട്സാപ്പിലേക്ക് വ്യാജ സഹായ അഭ്യര്‍ത്ഥന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. തട്ടിപ്പ് ഏറുന്ന പശ്ചാത്തലത്തില്‍ അപരിചിത നമ്പറില്‍ നിന്നു വ്യക്തിപരമായി ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്ന് സൈബര്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ‍

പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ ചിലര്‍ സഹായ അഭ്യര്‍ത്ഥനയുമായി/ സഹായിക്കാമെന്ന വ്യാജേനേ - ചിലരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കു അറിയുവാന്‍ കഴിഞ്ഞു. പ്രവാചകശബ്ദം ഗ്രൂപ്പിലെ അംഗമായതിനാൽ സാമ്പത്തിക സഹായം നൽകാൻ തയാറാണ് എന്ന ഉള്ളടക്കത്തോടെ ഏതെങ്കിലും വ്യക്തികൾ നിങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ ദയവായി സൂക്ഷിക്കുക. ഇത്തരം മെസേജ് അയക്കുന്നവരുമായി പ്രവാചകശബ്ദത്തിന് യാതൊരു ബന്ധവുമില്ല.

അത്തരത്തിൽ സന്ദേശം ലഭിക്കുകയാണെങ്കിൽ ദയവായി അഡ്മിൻമാരെ ബന്ധപ്പെടുക, അല്ലെങ്കില്‍ editor@pravachakasabdam.com എന്ന ഇ മെയിൽ അഡ്രസിൽ വിവരങ്ങൾ അറിയിച്ചാലും മതിയാകും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. അപ്രകാരം സഹായ അഭ്യര്‍ത്ഥനയുള്ള മെസേജ്/ കോളുകള്‍ ആരെങ്കിലും തുടരുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്.

"പ്രവാചകശബ്ദം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിനാല്‍ നമ്പര്‍ ലഭിച്ചതാണ്, പ്രതിസന്ധിയാണ്, സഹായിക്കണം" - ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ദയവായി അവരെ ബ്ളോക്ക് ചെയ്യുക, ഒപ്പം അഡ്മിന്‍സിനെ വിവരമറിയിക്കുകയും ചെയ്യുക. ഗ്രൂപ്പിലുള്ളവരെ വ്യക്തിപരമായോ ഫോണ്‍/ മെസേജ് മുഖേനെയോ ആരെങ്കിലും ഇത്തരത്തില്‍ ബന്ധപ്പെട്ടാല്‍ അക്കാര്യം ടീമിനെ അറിയിക്കുമല്ലോ. അവരെ ഗ്രൂപ്പില്‍ നിന്ന്‍ ഉടന്‍ നീക്കം ചെയ്യുന്നതായിരിക്കും.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ സഹിതം editor@pravachakasabdam.com എന്ന ഇ മെയില്‍ അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അവരുടെ സാഹചര്യങ്ങള്‍ വിശദമായി പഠനവിധേയമാക്കി സത്യമാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഉചിതമെങ്കില്‍ പ്രവാചകശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »