India - 2024

രാമനാഥപുരത്തു കപ്പേള തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ

27-01-2022 - Thursday

കോയമ്പത്തൂർ : തമിഴ്നാട്ടിലെ രാമനാഥപുരത്തു വിശുദ്ധ സെബസ്ത്യാനോസിന്‍റെ രൂപവും കപ്പേളയും തകർത്ത സംഭവത്തിൽ രണ്ടു ഹിന്ദു മുന്നണി പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രി രാമനാഥപുരം ഹോളി രൂപതയുടെ ട്രിനിറ്റി കത്തീഡ്രൽ കവാടത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ കപ്പേളയും രൂപവും തകർത്ത നിലയിൽ കാണപ്പെട്ടത്. ഇതേത്തുടർന്നു തമിഴ്നാട്ടിലെങ്ങും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വെള്ളല്ലൂർ സ്വദേശി മിൽക്കി എന്ന മദൻകുമാറി (23)നെയും ഒരു പതിനാറുകാരനെയും അറസ്റ്റ് ചെയ്തത്. ഹിന്ദു മുന്നണി പ്രവർത്തകരായ ദീപക്, മരുദാചലമൂർത്തി എന്നിവർക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഇവർ ഒളിവിലാണ്. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരനാണ് ദീപക്കിനെ സംഭവസ്ഥലത്തു ബൈക്കിൽ എത്തിച്ചത്. രാത്രി പത്തോടെ തിരുച്ചി റോഡിൽ രാമനാഥപുരം ജംഗ്ഷനിലെ പള്ളിയുടെ കവാടത്തിലാണ് ഇരുചക്രവാഹനത്തിൽ ദീപക്കിനെ എത്തിച്ചതെന്നു പോലീസ് പറഞ്ഞു.

ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. വിദ്യാർഥി സ്ഥലം വിട്ടപ്പോൾ ദീപക് കപ്പേളയുടെ ചില്ല് തകർത്തു വിശുദ്ധന്‍റെ രൂപവും ഇഷ്ടികകൊണ്ടു തകർത്തു. രൂപം അലോങ്കോലമാക്കിയ ശേഷം പുറത്തിറങ്ങിയ ദീപക്കിനെ മരുദാചലമൂർത്തി മറ്റൊരു ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരന്‍റെ കണ്ണിൽപ്പെടുംമുന്പ് ഇവർ സ്ഥലത്തുനിന്നു കടന്നു. ദീപക് കപ്പേളയിൽ അതിക്രമം നടത്തുന്പോൾ മദൻകുമാർ റോഡിൽനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്നു പരിസരം നിരീക്ഷിച്ചു.

നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടിച്ചത്. മദൻകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ ഹാജരാക്കി. ലക്ഷ്മി മിൽസ് ജംക്‌ഷനിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്കാണ് വിദ്യാർഥിയെ അയച്ചത്.

തഞ്ചാവൂരിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതു മതപരിവർത്തനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ കപ്പേളയിൽ ആക്രമണം നടത്തിയെന്നാണ് പോലീസ് നൽകുന്ന സൂചന.


Related Articles »