India - 2025
ഊന്നുകല്‍ കപ്പേള ആക്രമണ പരമ്പര: പ്രതി പോലീസ് പിടിയില്‍
പ്രവാചകശബ്ദം 26-10-2021 - Tuesday
കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള ഊന്നുകല്‍ പ്രദേശത്തെ വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളികള്‍ക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.
പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാനസിക അസ്വസ്ഥത ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടക്കുക പതിവായിരിന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ കെ. ജി. ഋഷികേശന്‍ നായര്‍, എ. എസ്. ഐമാരായ എം. എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.