India - 2025
ആരാധന സ്വാതന്ത്ര്യം ഹനിക്കരുത്; പക്ഷപാതകരമായ നിലപാട് വേദനാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
30-01-2022 - Sunday
തിരുവല്ല : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കു മാത്രമായുള്ള കടുത്ത നിയന്ത്രണം തീർത്തും പക്ഷപാതപരമായ നിലപാടാണെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള വേദനാജനകമായ ഈ നടപടി പുനഃപരിശോധിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മറ്റിതര മേഖലകളിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒന്നിച്ചു കൂടിയുള്ള പ്രാർത്ഥന സ്വാതന്ത്ര്യം ഹനിക്കുന്നത് അപലപനീയമായ തീരുമാനമാണ്. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സർക്കാർ മുന്നോട്ട് വച്ച മാർഗ്ഗനിർദേശങ്ങളോട് സഹകരിക്കുകയും സംയമനം പാലിക്കുകയും ചെയ്തിട്ടുണ്ട് ക്രിസ്തീയ സഭകൾ.
എന്നാൽ മറ്റിതര മേഖലകളിൽ പല ഇളവുകളും നൽകുമ്പോഴും ഞങ്ങൾക്ക് അവകാശപ്പെട്ട പ്രാർത്ഥന സംഗമങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു പോലും നടത്താൻ അനുവദിക്കാത്തത് യുക്തിയ്ക്ക് നിരക്കുന്നതല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ആളുകളെ പങ്കെടുപ്പിച്ച് ആരാധന നടത്താനുള്ള അനുവാദം നല്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിരുവല്ലയിൽ കൂടിയ ഐപിസി ഗ്ലോബൽ മീഡിയ മീറ്റിംഗിൽ പ്രസിഡണ്ട് സി.വി.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് , ജനറൽ ട്രഷറാർ ഫിന്നി പി. മാത്യു , മറ്റു ഭാരവാഹികളായ അച്ചൻകുഞ്ഞു ഇലന്തൂർ, രാജു ആനിക്കാട്, ടോണി ടി. ചെവ്വൂക്കാരൻ, സി.പി മോനായി, രാജൻ ആര്യപ്പള്ളിൽ, ഷാജി മാറാനാഥ, സന്ദീപ് വിളമ്പുകണ്ടം എന്നിവർ പ്രസംഗിച്ചു.